മന്‍മോഹന്‍ പറഞ്ഞതും മോദി ‘കേട്ടതും’: മുസ്‌‌ലിം വിരുദ്ധപ്രസംഗത്തിലെ വാസ്തവം

manmohan-singh-modi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‍ലിം–കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം വിവാദത്തിലായതിന് പിന്നാലെ വ്യാപക പ്രതിഷേധം.  രാജ്യത്തിന്‍റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‍ലിംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്നും മോദി ചോദിച്ചു. സ്ത്രീകളുടെ മംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും മോദി അവകാശപ്പെട്ടു. 

എന്നാല്‍ മന്‍മോഹന്‍ സിങ് സംസാരിക്കുന്ന വിഡിയോയുടെ ചില ഭാഗങ്ങള്‍ സാമൂഹ്യാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ യു.പി.എ സർക്കാരിന്റെ സാമ്പത്തിക മുൻഗണനകൾ വിശദീകരിച്ചു സംസാരിക്കവെ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ആദിവാസി, ദലിത് വിഭാഗങ്ങളെയും രാജ്യത്തിന്‍റെ മുഖ്യധാരയിലെത്തിക്കണമെന്നും, രാജ്യത്തെ വിഭവങ്ങളുടെ തുല്യമായ വിതരണം ഇവര്‍ക്കെല്ലാം ഉറപ്പുവരുത്തണമെന്നുമാണ് അദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ വിഭവങ്ങളില്‍ തുല്യ അവകാശമുണ്ട്. ആദ്യ അവകാശികളില്‍ അവരും ഉണ്ടാകണം എന്നുമാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്. ഈ പരാമര്‍ശത്തെയാണ് മോദി വളച്ചൊടിച്ചത്. കത്തിപ്പടരുന്ന വിവാദത്തിന്‍റെ സത്യവസ്ഥയെന്തെന്ന് പരിശോധിക്കാം. 

മന്‍മോഹന്‍ സിങ് പറഞ്ഞത്

'അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനൊപ്പം പട്ടികജാതി–പട്ടികവര്‍ഗക്കാരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും വേണ്ട വികസന പദ്ധതികള്‍ക്കാണ് രാജ്യം മുന്‍ഗണന നല്‍കേണ്ടത്. രാജ്യത്തെ വിഭവങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്‍ലിംകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയുള്ള പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ട്. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വിഭവങ്ങളില്‍ പ്രാഥമിക അവകാശം ഉണ്ടായിരിക്കണം' എന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത്. 

മോദി പറ‍ഞ്ഞത്

'രാജ്യത്തിന്‍റെ സമ്പത്തിന്‍റ പ്രഥമ അധികാരം മുസ്‍ലിംകള്‍ക്ക് ആണ് എന്നാണ് മുന്‍പ് ഭരിച്ചിരുന്നവര്‍ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും രാജ്യത്തിന്‍റെ സ്വത്ത് വിതരണം ചെയ്തേക്കും. അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വര്‍ണത്തിന്‍റെ അളവെടുക്കുമെന്നും വിതരണം ചെയ്യുമെന്നുമാണ ്കോണ്‍ഗ്രസ് പറയുന്നത്. സ്ത്രീകളുടെ സ്വര്‍ണം തട്ടിയെടുത്ത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത് ' എന്നാണ് മോദി പറഞ്ഞത്. 

പ്രസംഗത്തിന്‍റെ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോൺഗ്രസിന്റെ മുസ്‌ലിം പ്രീണന തന്ത്രമായി മന്‍മോഹന്‍ സിങ്ങിന്‍റെ പ്രസംഗത്തെ വളച്ചൊടിച്ച് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിതവും ബോധപൂര്‍വ്വവുമായ ശ്രമമാണ് നിലവില്‍ ബി.ജെ.പി നടത്തുന്നത് എന്നാണ് ഉയരുന്ന ആരോപണം. വിദ്വേഷപരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും മറ്റ് ഇന്ത്യ സഖ്യനേതാക്കളും രംഗത്തെത്തി. മുസ്‍ലിം വിരോധം ആളിക്കത്തിച്ച് തിവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ഹിന്ദു വോട്ടുകള്‍ നേടാനുള്ള ശ്രമമാണ് മോദിയുടേതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പെരുമാറ്റ ചട്ട ലംഘനത്തിനെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നില്ല എന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

MORE IN INDIA
SHOW MORE