''ജയ് ഹോ'' ചിട്ടപ്പെടുത്തിയത് എ.ആര്‍ റഹ്മാന്‍ തന്നെ: രാം ഗോപാല്‍ വര്‍മയുടെ ആരോപണം തള്ളി സുഖ്‌വിന്ദര്‍ സിങ്

''ജയ് ഹോ'' ഗാന വിവാദത്തിന്‍റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ആരോപണം തള്ളി ഗായകന്‍ സുഖ്‌വിന്ദര്‍ സിങ് രംഗത്തുവന്നതാണ് പുതിയ വഴിത്തിരിവ്. പാട്ട് ചിട്ടപ്പെടുത്തിയത് എ.ആര്‍.റഹ്മാന്‍ തന്നെയാണെന്നും ആലാപനത്തില്‍ പങ്കുചേരുക മാത്രമാണ് ചെയ്തതെന്നും ആയിരുന്നു സുഖ്‌വിന്ദര്‍ സിങിന്‍റെ പ്രതികരണം. 

ഓസ്കാറും കടന്ന് ആവേശമായി മാറിയ ജയ് ഹോ. ഈ ഗാനത്തെ ഇപ്പോള്‍ വിവാദത്തിന്‍റെ ട്രാക്കിലേക്ക് മാറ്റിയത് ആര്‍.ജി.വി എന്ന രാം ഗോപാല്‍ വര്‍മയാണ്. പാട്ട് ചിട്ടപ്പെടുത്തിയത് എ.ആര്‍.റഹ്മാനല്ലെന്നും ഗായകന്‍ സുഖ്​വിന്ദര്‍ സിങ് ആണെന്നുമുള്ള വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് സുഖ്​വിന്ദറിന്‍റെ മറുപടി. യുവരാജ് എന്ന ചിത്രത്തിനായി എ.ആര്‍.റഹ്മാന്‍ തന്നെയാണ് ഗാനം ഒരുക്കിയത്. മുംബൈ ജുഹുവിലെ തന്‍റെ സ്റ്റുഡിയോയിലായിരുന്നു കമ്പോസിങ്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ പാടിയ പാട്ട് സംവിധായകനും ഇഷ്ടപ്പെട്ടു. എന്നാല്‍ ചിത്രത്തിന്‍റെ കഥയുമായി യോജിക്കാത്തതിനാല്‍ പാട്ട് സിനിമയില്‍ നിന്ന് മാറ്റി. പിന്നീട് ഗാനം സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലേക്ക് എത്തുകയായിരുന്നു. 

പുതുതായി ഇറങ്ങിയ ഒരു മലയാള ചിത്രത്തില്‍ ക്രഡിറ്റ് തട്ടിയെടുക്കുന്ന ഒരു സംഗീത സംവിധായകന്‍റെ കഥാപാത്രമുണ്ട്. ഇതു കണ്ട് ആര്‍ജിവി തട്ടിവിട്ട കഥയാണ് ഇതെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പരിഹസിക്കുന്നു. നേരത്തെ ഒരു അഭിമുഖത്തിനിടെ നടി അഷു റെഡ്ഡിയുടെ കാലില്‍ ചുംബിച്ചത് പോലുള്ള നാടകമാണെന്നും പറയുന്നവരുണ്ട്. ആര്‍ജിവി നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതിഷാണ് നായിക. ഏതായാലും ഗാനവിവാദത്തില്‍ ഒരു വലിയ പ്രതികരണം കൂടി വരേണ്ടതുണ്ട്. അത് സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍റേതാണ്.

Sukhwinder Singh denies Ram Gopal Varma’s claims about jai ho