ചോക്‌ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ചര്‍ദ്ദിച്ച് മരിച്ചു; കാരണം ഇങ്ങനെ

chocolate-shop
ചോക്​ലേറ്റ് വാങ്ങിയ കടയില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍
SHARE

ചോക്‌ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരി മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്.  കാലാവധി കഴിഞ്ഞ ചോക്‌ലേറ്റ് കഴിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.  ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകൾ റാബിയ എന്ന ഒന്നര വയസുകാരിയാണ് രക്തം ചര്‍ദ്ദിച്ച്  മരിച്ചത്. 

ഏതാനും ദിവസങ്ങൾക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടിൽ കുട്ടിയുമായി സന്ദര്‍ശനം നടത്തിയിരുന്നെന്നും അവിടെ നിന്നും ബന്ധുക്കള്‍ നല്‍കിയ ചോക്‌ലേറ്റ് ആണ് കുട്ടി കഴിച്ചതെന്നും റാബിയയുടെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. ബന്ധുവീട്ടില്‍ നിന്നും തിരികെ വീട്ടിലേക്ക് വരും വഴിയാണ് കുട്ടി ചോക്‌ലേറ്റ് കഴിച്ചതെന്നും വീട്ടിലെത്തിയ ഉടന്‍ ചോര ചര്‍ദ്ദിച്ചെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. 

അവശനിലയിലായ കുട്ടിയെ ഉടന്‍ അടുത്തുളള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തിനകത്ത് വിഷാംശമടങ്ങിയ എന്തോ ഒന്ന് ചെന്നിട്ടുണ്ടെന്നും അതാണ് മരണകാരണമെന്നും അറിയിച്ചു. തുടര്‍ന്ന് വിദഗ്ധ സംഘം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് കുട്ടി കഴിച്ച ചോക്ലേറ്റ് ആണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്മേല്‍ കേസെടുത്ത പൊലീസ്  ചോക്ലേറ്റ് വാങ്ങിയ കട പരിശോധന നടത്തുകയും കാലാവധി കഴിഞ്ഞ നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും കടയുടമയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. 

Toddler Dies After Consuming Expired Chocolate

MORE IN INDIA
SHOW MORE