സിഐ പരസ്യമായി അധിക്ഷേപിച്ചു; ജോലി രാജിവച്ച് പഠിച്ച കോണ്‍സ്റ്റബിളിന് സിവില്‍ സര്‍വീസ്

uday-krishna-reddy-upsc
SHARE

‘നീ വെറും കോണ്‍സ്റ്റബിളാണെടാ...’ ഉദയ് കൃഷ്ണ റെഡ്ഡിയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്ന വാക്കുകളാണിവ. മേലുദ്യോഗസ്ഥന്‍റെ ഈ അധിക്ഷേപം കൊളുത്തിവിട്ട കനല്‍ ആന്ധ്രയിലെ പ്രകാശം ജില്ലക്കാരനായ സാധാരണ കോണ്‍സ്റ്റബിളിനെ എത്തിച്ചത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷാ റാങ്ക് പട്ടികയില്‍ 780–ാം സ്ഥാനക്കാരനായ ഉദയ് കൃഷ്ണ റെഡ്ഡിയുടെ കഥ സിനിമയെയും വെല്ലും.

പ്രകാശം ജില്ലയിലെ ഉള്ളിപ്പാലം സ്വദേശിയാണ് ഉദയ്. നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും മരിച്ചു. മുത്തശ്ശിയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. തെലുങ്ക് മീഡിയം സര്‍ക്കാര്‍ സ്കൂളിലായിരുന്നു പഠനം. സിവില്‍ സര്‍വീസ് സ്വപ്നം കാണാനുള്ള ഒരു ചുറ്റുപാടും ഇല്ലായിരുന്നു. 2012ല്‍ ആന്ധ്ര പൊലീസില്‍ സിവില്‍ കോണ്‍സ്റ്റബിളായി തിരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സര്‍വീസ് മോഹം അപ്പോള്‍ത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍ മേലുദ്യോഗസ്ഥരില്‍ പലര്‍ക്കും അത് ദഹിച്ചില്ല.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്നയാളാണ് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്. ഒഴിവുസമയങ്ങളില്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനെ അയാള്‍ പരിഹസിക്കും. ഇല്ലാത്ത ഡ്യൂട്ടികള്‍ അടിച്ചേല്‍പ്പിച്ച് പഠനം മുടക്കാന്‍ ശ്രമിക്കും. എല്ലാം സഹിച്ച് മുന്നോട്ടുപോകുമ്പോഴാണ് 2018 ഓഗസ്്റ്റില്‍ ഏതാനും മിനിറ്റുകള്‍ വൈകി വന്നതിന്റെ പേരില്‍ സിഐ അറുപതോളം സഹപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വച്ച് അധിക്ഷേപിച്ചത്. അന്നുതന്നെ ഉദയ് രാജിക്കത്ത് എഴുതി നല്‍കി.

upsc-office

എന്നാല്‍ രാജിക്കത്ത് കൈമാറാതെ വീണ്ടും സിഐ പീഡനം തുടര്‍ന്നു. അനധികൃതമായി ഡ്യൂട്ടിക്കെത്താതിരുന്നുവെന്നാണ് അയാള്‍ രേഖപ്പെടുത്തിയത്. ഒരുവര്‍ഷം കഴിഞ്ഞ് സേനയില്‍ നിന്ന് ഒളിച്ചോടിപ്പോയെന്ന് നോട്ടിസ് അയയ്ക്കുകയും ചെയ്തു. ഒടുവില്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങിയത്. പിന്നീടുള്ള അഞ്ചുവര്‍ഷം കഠിന പ്രയത്നമായിരുന്നു. ആദ്യ ശ്രമത്തില്‍ ഇന്റര്‍വ്യൂ വരെ എത്തി. എന്നാല്‍ രണ്ടുംമൂന്നും ശ്രമങ്ങളില്‍ പ്രിലിമിനറി പരീക്ഷ കടക്കാനായില്ല. ഒടുവില്‍ നാലാംശ്രമത്തില്‍ ഉദയ് സിവില്‍ സര്‍വീസ് നേടി.

ഐഎഎസ് ആണ് ഉദയ് കൃഷ്ണ റെഡ്ഡിയുടെ ലക്ഷ്യം. ഇനിയും പരീക്ഷ എഴുതുമെന്ന് ഉദയ് പറഞ്ഞു. ദിവസവും എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെയാണ് പഠനത്തിനായി ചെലവിട്ടത്. രാവിലെ മുടങ്ങാതെ ജിമ്മില്‍ പോകും. പഠിച്ച് തളരുമ്പോള്‍ വളര്‍ത്തുപൂച്ചകള്‍ക്കൊപ്പം സമയം ചെലവിടും. മാനസികവും ശാരീരികവും വൈകാരികവുമായ വികാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഒരുവട്ടം തോല്‍ക്കുമ്പോള്‍ തളരുന്ന ഒരുപാട് പേര്‍ക്ക് മാതൃകയാണ് ഈ മുപ്പതുകാരന്‍.

Andhra police constable resigns after being humiliated by senior officer, cracks UPSC

MORE IN INDIA
SHOW MORE