ജയിലില്‍ കേജ്‍രിവാള്‍ കഴിക്കുന്നത് മാങ്ങയും മധുരപലഹാരങ്ങളും; പഞ്ചസാരയിട്ട ചായകുടിക്കുന്നുവെന്ന് ഇഡി

arvind-kejriwal
SHARE

പ്രമേഹ രോഗമുള്ളതിനാല്‍ ജയിലില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായി ഇഡി കോടതിയില്‍‍ പറഞ്ഞു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ജാമ്യം നേടുന്നതിനായി കേജ്‍രിവാള്‍ ജയിലില്‍ മാങ്ങയും മധുരപലഹാരങ്ങളും പഞ്ചസാരയിട്ട ചായയുമാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ഇഡിയുടെ വാദം. 

ഡയറ്റ് ചാര്‍ട്ടില്‍ മാങ്ങയും മധുരപലഹാരങ്ങളുമുണ്ട്. ഇത് കോടതിക്ക് മുന്‍പാകെ ഹാജരാക്കാം. പ്രമോഹരോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളാണ് കേജ്‍രിവാള്‍ നിരന്തരം ഉപയോഗിക്കുന്നതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സുഹൈബ് ഹുസൈന്‍ കോടതിയിലെ വാദത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇഡിയുടെ ശ്രമം മാധ്യമശ്രദ്ധകിട്ടാന്‍ വേണ്ടിയാണെന്ന് കേജ്‍രിവാളിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. കേജ്‍രിവാളിന്‍റെ ഡയറ്റ് ചാര്‍ട്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ളതാണ്. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കാതിരിക്കാനാണ് ഇഡി ഓരോ കാരണങ്ങള്‍ ഉന്നയിക്കുന്നതെന്നും വാദിച്ചു. 

വിഷയത്തില്‍ ജയില്‍ അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഡല്‍ഹി റോസ് അവന്യു  കോടതി ഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജ്‍രിവാള്‍ തിഹാര്‍ ജയിലിലാണ്. 

ED says Arvind Kejriwal consuming mango and sweets to increase suger level

MORE IN INDIA
SHOW MORE