അയോധ്യയിലെ ശ്രീരാമന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച് ബി.ജെ.പി; പരാതിയുമായി ഇന്ത്യ മുന്നണി

ആദ്യ ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാമനവമി ദിനത്തിലെ  അയോധ്യ ശ്രീരാമവിഗ്രഹ ചിത്രങ്ങൾ ബി.ജെ.പി  ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യ മുന്നണി. ശക്തമായ നടപടി വേണമെന്ന് കോൺഗ്രസും  തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുകയാണെന്ന് സിപിഎമ്മും പ്രതികരിച്ചു. ബി.ജെ.പി , ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്യുന്ന വിഡിയോ രാഹുല്‍ഗാന്ധി പുറത്ത് വിട്ടു.

രാമനവമി ദിനത്തിൽ അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹത്തിൽ സൂര്യരശ്മി പതിക്കുന്ന ചിത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത്. നിങ്ങളുടെ വോട്ടിന്‍റെ ശക്തി, ബിജെപിക്ക് വോട്ട് നൽകിയാലുണ്ടാകുന്ന മാറ്റം തുടങ്ങിയ തലക്കെട്ടുകളോടെയാണ്  സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ  ലംഘനമാണിതെന്നും നടപടി വേണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.  തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോയെന്ന  വിമർശനം സമൂഹമാധ്യമങ്ങളിലും ഉയർന്നിട്ടുണ്ട്. ഇതിനിടെ ബിജെപിയെയും അവരുടെ പ്രത്യയശാസ്ത്രത്തെയും പരാജയപ്പെടുത്താൻ പോകുകയാണന്ന് അവകാശപ്പെടുന്ന വീഡിയോ  രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു

അതേസമയം രാഹുലിനെതിരായ ആരോപണം ശക്തമാക്കി ഗുലാം നബി ആസാദും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും രംഗത്തെത്തി. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇടത്തേക്ക് രാഹുൽഗാന്ധി ഓടിപ്പോകുന്നു എന്നും സ്പൂൺ ഫീഡ് കിഡ്സ് സുരക്ഷിത മണ്ഡലം തേടുമെന്നും ഗുലാം നബി ആസാദ് പരിഹസിച്ചു . അടുത്ത തവണ രാഹുൽ ഗാന്ധി വിദേശത്താകും മത്സരിക്കുക എന്ന് മോഹൻ യാദവും വിമർശിച്ചു.