ടിക്കറ്റില്ലാത്തവര്‍ കോച്ചില്‍ കയറി വാതിലടച്ചു; ടിടിഇ പുറത്ത്; പരിഹാരം നിര്‍ദ്ദേശിച്ച് സോഷ്യല്‍ മീഡിയ

train-ac-coach
SHARE

വന്ദേഭാരതും കടന്ന് ബുള്ളറ്റ് ട്രെയിനിലേക്ക് ഇന്ത്യന്‍ റെയില്‍വെ കുതിക്കുമ്പോഴും തീവണ്ടിയിലെ  തിരക്കാണ് റെയില്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധി. തിരക്കുള്ള സമയത്ത് ജനറല്‍ ടിക്കറ്റുകാര്‍ മറ്റു കോച്ചുകളിലേക്ക് കടന്നുകയറുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇത്തരം അനുഭവം വിവരിച്ചുള്ള നിരവധി വിഡിയോകള്‍ യാത്രക്കാര്‍ പങ്കുവെയ്ക്കാറുണ്ട്. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എസി കോച്ചില്‍ കയറിയതും അകത്ത് നിന്ന് പൂട്ടിയതുമായ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 

ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എസി കോച്ച് കയ്യടക്കി, ആരെങ്കിലും ബുള്ളറ്റ് ട്രെയിനിനെ പറ്റി പരമാര്‍ശിക്കുന്നുണ്ടോ? എന്ന തലക്കെട്ടോടെ ജയേഷ് എന്ന വ്യക്തിയാണ് വിഡിയോ എക്സില്‍ പങ്കുവെച്ചത്. രണ്ട് എസി കോച്ചുകളുടെയും വാതിലിനരികില്‍ യാത്രക്കാര്‍ തിങ്ങിനില്‍ക്കുന്നത് വിഡിയോയില്‍ കാണാം. വാതില്‍ അകത്ത് നിന്ന് അടച്ചതിനാല്‍ ടിടിഇ അടക്കമുള്ളവര്‍ പുറത്ത് നിന്ന് തുറക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.  വിഡിയോ പകര്‍ത്തിയ സമയവും ട്രെയിന്‍ വിശദാംശങ്ങളും പങ്കുവച്ചിട്ടില്ലെങ്കിലും വിശദമായ ചര്‍ച്ചയാണ് വിഡിയോയ്ക്ക് താഴെ നടക്കുന്നത്. 

ശക്തമായ പിഴ, ബയോമെട്രിക് ടിക്കറ്റിങ്, ട്രെയിനുകളിലെ നിരീക്ഷണം, ബോധവല്‍ക്കരണ ക്യാംപെയിന്‍, തുടര്‍ച്ചയായ ട്രെയിനുകള്‍ എന്നിവയാണ് പരിഹാരമായി സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്നത്. റിസര്‍വ്ഡ് ടിക്കറ്റില്ലാതെ റിസര്‍വ്ഡ് കോച്ചുകളില്‍ കയറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് പലരും ആവശ്യപ്പെടുന്നത്. അതേസമയം പിഴ ഈടാക്കുന്നത് ഹ്രസ്വകാല പരിഹാരമാണെന്നും തിരക്കുള്ള റൂട്ടില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു. സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ കുറച്ച് എസി കോച്ചുകള്‍ കൊണ്ടുവരുന്ന റെയില്‍വെ നടപടിയാണ് ഇതിന് കാരണമെന്ന് മറ്റ് യാത്രക്കാരും പറയുന്നു.

മെട്രോയില്‍ ഉപയോഗിക്കുന്നത് പോലുള്ള ആക്സസ് കണ്‍ട്രോള്‍ഡ് സിസ്റ്റം ഇന്ത്യന്‍ റെയില്‍വെ കൊണ്ടുവരേണ്ടതുണ്ടെന്ന് ലലിത് കുംബാര്‍ കമന്‍റ് ചെയ്യുന്നു. എന്നാല്‍ രാജ്യത്തോട്ടാകെ ഇത്തരമൊരു സിസ്റ്റം ഉപയോഗിക്കുന്നത് വെല്ലുവിളിയാമെന്നും അദ്ദേഹം കുറിക്കുന്നു. ജനറല്‍ കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും വര്‍ധിപ്പിച്ചില്ലെങ്കില്‍ എല്ലാ പ്രതിവിധികളും ഗിമ്മിക്കുകളായി മാറുമെന്ന് സതീഷ് മിശ്ര കുറിക്കുന്നു.

Ticketless passengers enter ac coach and lock inside; TTE stand outside

MORE IN INDIA
SHOW MORE