‘യന്ത്രങ്ങള്‍ക്ക് കൃത്യതയുണ്ട്; മനുഷ്യര്‍ കൃത്രിമം കാണിക്കുന്നതാണ് പ്രശ്നം’

ലോക്സഭാ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട വോട്ടെടുപ്പ് അടുത്തിരിക്കെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനോട് തത്വത്തില്‍ യോജിച്ച് സുപ്രീം കോടതി. യന്ത്രങ്ങള്‍ക്ക്  കൃത്യതയുണ്ടെന്നും മനുഷ്യര്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.  ബാലറ്റ് പേപ്പര്‍ സംവിധാനത്തിന്‍റെ പോരായ്മകളും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.  

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളെല്ലാം വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്നവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി ഇരു വോട്ടെടുപ്പ് രീതികളെ തുലനം ചെയ്തത്. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയാമെന്നും അതൊന്നും മറന്നിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. 

മനുഷ്യര്‍ മെഷീനില്‍ കൃത്രിമം വരുത്തുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. അവ ഒഴിവാക്കാൻ എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ അറിയിക്കാന്‍ കോടതി ഹർജിക്കാരോടു നിർദേശിച്ചു. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാൽ കർശന ശിക്ഷ നൽകാൻ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനോടു നിലപാടാരാഞ്ഞു. ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള ശിക്ഷയില്ലാത്ത സ്ഥിതി ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. 

പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുക, വിവിപാറ്റ് സ്ലിപ് വോട്ടര്‍ പരിശോധിച്ച ശേഷം ബാലറ്റ് പെട്ടിയിലിടുക, സ്ലിപ്പ്  വ്യക്തമായി കാണാനാകുംവിധം വിവിപാറ്റിലെ ഗ്ലാസ് സുതാര്യമാക്കുക എന്നിവയിലൊന്ന് നടപ്പാക്കാന്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ജര്‍മനിയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇവിഎമ്മില്‍നിന്ന്  പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ജര്‍മ്മനിയിലെ ജനസംഖ്യ എത്രയാണെന്നായിരുന്നു കോടതിയുടെ മറുചോദ്യം. 97 കോടി വോട്ടര്‍മാരുള്ള ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ വിദേശ രാജ്യങ്ങളിലെ വോട്ടിങ്ങുമായി താരതമ്യം ചെയ്യരുതെന്നും നിലവിലെ വ്യവസ്ഥിതിയെ താറടിക്കാന്‍ ശ്രമിക്കരുതെന്നും  കോടതി പറഞ്ഞു.  

Supreme Court of India flags green signal for EVM Election.