വിദര്‍ഭയിലെ അഞ്ച് മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്

vidarba
SHARE

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ അഞ്ച് മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഹാട്രിക് വിജയം തേടി ഇറങ്ങുമ്പോള്‍ ഏക സിറ്റിങ് സീറ്റായ ചന്ദ്രാപുര്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ ഇരു മുന്നണികളും ആത്മവിശ്വാസത്തിലാണ്.

അഞ്ചിടങ്ങളിലെ നാല് സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. രാംടെക് മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ നേരിടുന്നത് ശിവസേന ഷിന്‍ഡെ വിഭാഗം. ഹൈ വോള്‍ട്ടേജ് മല്‍സരം നടക്കുന്ന നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മൂന്നാം ഊഴം തേടി ഇറങ്ങുന്നു. വികസനം പറഞ്ഞ് ഗഡ്കരി വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ന്യൂനപക്ഷ ദളിത് വോട്ടുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. നാഗ്പൂര്‍ വെസ്റ്റ് എംഎല്‍എ വികാസ് താക്കറെയാണ് കോണ്‍ഗ്രസിന്‍റെ മുഖം. കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ വിജയിച്ച ഏക സിറ്റിങ് സീറ്റാണ് ചന്ദ്രാപുര്‍. സിറ്റിങ് എം.പി സുരേഷ് ധനോര്‍ക്കറുടെ മരണത്തെ തുടര്‍ന്ന് ഇത്തവണ ഭാര്യ പ്രതിഭാ ധനോര്‍ക്കറാണ് സ്ഥാനാര്‍ഥി. മണ്ഡലം തിരിച്ചുപിടിക്കാന്‍ ബിജെപി ഇറക്കുന്നത് സംസ്ഥാനത്തെ വനംവകുപ്പ് മന്ത്രിയായ സുധീര്‍ മുന്‍ഗന്തിവാറിനെ. രാംടെകില്‍ ശിവസേന ഷിന്‍ഡെ പക്ഷവും ബിജെപിയുമായുള്ള തര്‍ക്കം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഭണ്ഡാര– ഗോണ്ടിയ, ഗഡ്ചിറോളി–ചിമൂര്‍ എന്നി മണ്ഡലങ്ങളില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് ബിജെപിയുടെ പോരാട്ടം. വികസനവും കര്‍ഷക ആത്മഹത്യയും കാര്‍ഷിക വിലത്തകര്‍ച്ചയുമെല്ലാം പ്രചാരത്തില്‍ ചര്‍ച്ചയായി. കഴിഞ്ഞതവണ വോട്ട് പിളര്‍ത്തിയ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സാന്നിധ്യം ഇക്കുറി വിദര്‍ഭയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും

Five constituencies in vidarbha goto the polling booth the next day 

MORE IN INDIA
SHOW MORE