ജയിക്കാന്‍ കഴിയുന്നിടത്ത് മാത്രം ‘ഫോക്കസ്’; പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്

845-congress-to-contest-fewest-seat
SHARE

ഒരുകാലത്ത് ആഗ്രഹിച്ച സീറ്റിലെല്ലാം മത്സരിച്ച പാര്‍ട്ടി ഇത്തവണ മല്‍സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റിൽ. പറ​ഞ്ഞുവരുന്നത് ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന കോണ്‍ഗ്രസിനെപ്പറ്റിയാണ്. കോണ്‍ഗ്രസ് ചെയ്തത് വലിയ വിട്ടുവീഴ്ച തന്നെയാണ്. പക്ഷേ, വേറെ വഴിയുമില്ല കോണ്‍ഗ്രസിന് എന്നുകൂടി ഒാര്‍ക്കണം. പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്ത്, പരമാവധി പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തി നടത്തുന്ന അന്തിമപോരാട്ടം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് തന്ത്രമെന്നും തലക്കെട്ടിടാം ഈ വിട്ടുവീഴ്ചയെ.

രണ്ടരപ്പതിറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1996ലെ തിരഞ്ഞെടുപ്പില്‍ 540 അംഗ ലോക്‌സഭയിലെ 529 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇന്ന് അത് പഴങ്കഥ. രാജ്യവും പാര്‍ട്ടിയും അപകടാവസ്ഥയിലാണന്ന തിരിച്ചറിവാണ് തങ്ങളുടെ വാശിയെല്ലാം മാറ്റിവച്ചുള്ള ഈ പോരാട്ടത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇതുവരെ 278 സ്ഥാനാർഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. യുപിയിലെ അമേഠി, റായ്ബറേലി എന്നിവയടക്കം വിവിധ സംസ്ഥാനങ്ങളിലായി ഏതാനും സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. അതുകൂടി ആയാല്‍ സീറ്റെണ്ണം 300 ആയേക്കാം.

കഴിഞ്ഞതവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ഇത്തവണ ബിജെപി കണക്കുകൂട്ടുമ്പോള്‍, ജയസാധ്യതയുള്ള 255 സീറ്റികളിലേക്ക് ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പലയിടങ്ങളിലും പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സീറ്റുകൾ അവര്‍ക്ക് വിട്ടുകൊടുക്കാനും കോൺഗ്രസ് തയാറായി. സീറ്റിന്റെ കാര്യത്തിൽ പിടിവാശി വേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് നിര്‍ണായകമായത്.

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച 2004ലെ തിരഞ്ഞെടുപ്പിലാണ് ഇതിന് മുന്‍പ് കോണ്‍ഗ്രസ് ഏറ്റവും കുറവ് സീറ്റുകളില്‍ മല്‍സരിച്ചത്. അന്ന് 417 സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി 145 ഇടങ്ങളില്‍ വിജയിച്ചു. ഒന്നാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നു. കോണ്‍ഗ്രസിന് ഭരണം നഷ്ടമായ 1996-ലെ തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത്. 529 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അന്ന് 140 സീറ്റ് കിട്ടി. 471 സീറ്റില്‍ മത്സരിച്ച ബിജെപി 161ലും വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. തുടര്‍ന്ന് വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവച്ചു എന്നത് ചരിത്രം.

ഇത്തവണ 400 കടക്കും എന്ന് എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും മോദി പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസാകട്ടെ ചരിത്രത്തില്‍ ആദ്യമായി 400 സീറ്റില്‍ താഴെ മല്‍സരിക്കുകയാണ്. 1984-ല്‍ 229 സീറ്റില്‍ മത്സരിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ കടന്നുവരവ്. അന്ന് വെറും രണ്ട് സീറ്റ് ജയിച്ച പാര്‍ട്ടി 2019-ല്‍ എത്തിയപ്പോള്‍ 436 സീറ്റില്‍ മത്സരിക്കുകയും 303 ഇടത്ത് വിജയിക്കുകയും ചെയ്തു. 421 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസാകട്ടെ 52 സീറ്റിലേക്ക് ഒതുങ്ങി. വന്‍ തിരിച്ചടി.

2019-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച 421 സീറ്റുകളിൽ 196 ഇടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 173 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് 5 ശതമാനത്തിൽ താഴെ വ്യത്യാസത്തിൽ തോറ്റത്. 54 സീറ്റുകളിൽ പതിനഞ്ച് ശതമാനം വോട്ടിന് തോറ്റപ്പോള്‍ 125 സീറ്റുകളിൽ 15 ശതമാനത്തിലധികം വോട്ടിനായിരുന്നു കോണ്‍ഗ്രസ് പരാജയം. അതായത്  വലിയൊരു വിഭാഗം സീറ്റിലും

കോൺഗ്രസ് വൻ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത് എന്നുചുരുക്കം. ഈ സീറ്റുകളാണ് സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കി, ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

2019ൽ 67 സീറ്റിൽ മത്സരിച്ച ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായിയുള്ള സഖ്യത്തിന്റെ ഭാഗമായി 17 സീറ്റിൽ മാത്രമാണ് പാർട്ടി മത്സരിക്കുന്നത്. ഈ അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച രാജസ്ഥാനില്‍ സിപിഎം അടക്കം കക്ഷികള്‍ക്ക് കോണ്‍ഗ്രസ് സീറ്റുകള്‍ നല്‍കി. 2019ല്‍ കോണ്‍ഗ്രസ് ഒരു മണ്ഡലത്തില്‍ മാത്രം വിജയിച്ച ബിഹാറിൽ ആർജെഡി 26 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും ജനഹിതം തേടുന്നു.

48 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്ള മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന 21 സീറ്റുകളിലും, ശരദ് പവാറിന്റെ എന്‍.സി.പി 10 സീറ്റുകളിലും മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 17 മണ്ഡലങ്ങളില്‍ തങ്ങളുടെ ശക്തി പരീക്ഷിക്കും. തമിഴ്‌നാട്ടിൽ 9 സീറ്റിലും പുതുച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസിന്റെ പോരാട്ടം. ചുരുക്കിപ്പറഞ്ഞാല്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ചല്ല, ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിലാണ് ഇത്തവണ കോണ്‍ഗ്രസിന്റെ ശ്രദ്ധ. വൈകി വന്ന തിരിച്ചറിവെന്ന് എതിരാളികള്‍ അതിനെ പരിഹസിക്കും. പക്ഷേ ഈ പോരാട്ടത്തില്‍ പാര്‍ട്ടിക്ക് പ്രതീക്ഷ ഏറെയാണ്.

Congress to contest fewest seats in the history

MORE IN INDIA
SHOW MORE