ടിക്കറ്റ് പോലുമില്ലാത്തവര്‍ സ്ലീപ്പറില്‍; സൂചി കുത്താന്‍ ഇടമില്ലാതെ കോച്ചുകള്‍; വിഡിയോ

suhaildev-express-rush
Credit: twitter.com/5gqwedr
SHARE

രാജ്യത്ത് ട്രെയിനുകളിലെ തിക്കും തിരക്കും സ്ഥിരം കാഴ്ചയാണ്. ജനറല്‍ കോച്ചുകളില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാതെ അണ്‍ റിസര്‍വ്ഡ് യാത്രക്കാര്‍ റിസര്‍വ്‍ഡ് കോച്ചുകളില്‍ സ്ഥലം പിടിക്കുന്നതും സ്ലീപ്പറുകള്‍ അടക്കമുള്ള റിസര്‍വ്ഡ് കോച്ചുകളുടെ സ്ഥിതി ജനറല്‍ കംപാര്‍ട്മെന്‍റുകളുടേത് പോലെയാകുന്ന ദൃശ്യങ്ങളും പലപ്പോഴായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും യാത്രക്കാര്‍ തന്നെയാണ് ഈ അവസ്ഥയില്‍ ആശങ്കയറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുമായി എത്താറുള്ളത്. ഇപ്പോളിതാ വീണ്ടും തിക്കി തിരക്കിയുള്ള സ്ലീപ്പര്‍ കംപാര്‍ട്മെന്‍റിലെ യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സുമിത് എന്ന എക്സ് ഉപയോക്താവ്.

സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിന്‍റെ അവസ്ഥയാണ് യുവാവ് എക്സില്‍ പങ്കുവച്ചത്. ടിക്കറ്റ് പോലും എടുക്കാതെ യാത്ര ചെയ്യുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് കംപാര്‍ട്മെന്‍റ് എന്നും യുവാവിന്‍റെ പോസ്റ്റില്‍ പറയുന്നു. ‘സ്ലീപ്പര്‍ ക്ലാസുകള്‍ ഇന്ന് ജനറല്‍ കോച്ചുകളായി മാറിയിരിക്കുന്നു. മിക്കവാറുംപേര്‍ ടിക്കറ്റ് എടുക്കുന്നതുപോലുമില്ല. അതേസമയം ചുരുക്കം ചിലര്‍ക്ക് ജനറല്‍ ടിക്കറ്റുകള്‍ കയ്യിലുണ്ട്’, എന്നെഴുതിയാണ് യുവാവ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

തറയിലടക്കം സാധ്യമായിടത്തെല്ലാം ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന യാത്രക്കാരുടെ കാഴ്ചയാണ് ദൃശ്യങ്ങളില്‍. ശുചിമുറിയുടെ സമീപവും വാതില്‍ക്കല്‍വരെയും തുടരുന്ന ഈ കാഴ്ച യാത്രക്കാരെ കംപാര്‍ട്മെന്‍റിലൂടെ നടക്കാന്‍ പോലും അനുവദിക്കുന്നില്ല. അതേസമയം ഇത് എക്സ്പ്രസ് ട്രെയിനുകളിലടക്കം സ്ഥിരം കാഴ്ചയാണെന്ന് അവകാശപ്പെട്ട് കമന്‍റുകളുമായി മറ്റുള്ളവരുമെത്തി. സ്ലീപ്പര്‍ മുതല്‍ തേര്‍ഡ് എസി കംപാര്‍ട്മെന്‍റില്‍ വരെ ഈ അവസ്ഥയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഈ അവസ്ഥ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ടിക്കറ്റ് നിരക്ക് വര്‍ധന സാധാരണക്കരെ കാര്യമായി ബാധിക്കുന്നുവെന്നും ഒരു എക്സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു.

അതേസമയം പോസ്റ്റിന് താഴെ കമന്‍റുമായി ഇന്ത്യന്‍ റെയില്‍വേയുടെ ഉപഭോക്തൃ സേവനമായ റെയില്‍വേ സേവയുമെത്തി. പ്രശ്നം പരിഹരിക്കുന്നതിനായി പിഎന്‍ആര്‍ അടക്കമുള്ള വിവരങ്ങളും യാത്രാ വിശദാംശങ്ങളും മൊബൈൽ നമ്പറും ‌പങ്കുവയ്ക്കാന്‍ റെയില്‍വേ സേവ അഭ്യര്‍ഥിച്ചു. ആശങ്കള്‍ നേരിട്ട് അറിയിക്കാന്‍ http://railmadad.indianrailways എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാനും വേഗത്തിലുള്ള പരിഹാരത്തിനായി gov.in അല്ലെങ്കിൽ 139 ഡയൽ ചെയ്യാനുമാണ് റെയില്‍വേ സേവ നിര്‍ദേശിക്കുന്നത്.

X user shares video of ticketless passengers in Suhaildev Express's sleeper coach; Railway reacts.

MORE IN INDIA
SHOW MORE