‘വെടിയുതിര്‍ത്തത് സല്‍മാന്‍ ഖാനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ’

salman-khan-murder-attempt
Bhuj police arrested two accused Vicky Gupta and Sagar Pal in connection with the firing incident outside the residence of Bollywood actor Salman Khan and handed them to the Mumbai Crime Branch. (ANI Photo)
SHARE

നടന്‍ സല്‍മാൻ ഖാന്റെ വസതിക്കുനേരെ രണ്ട് പേര്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പൊലീസ്. നടനെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇരുവരും വെടിയുതിര്‍ത്തത് എന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇരുവര്‍ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 4.55നാണ് ബാന്ദ്രയിലെ സല്‍മാൻ ഖാന്റെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനുനേരേ രണ്ടംഗ സംഘം വെടിയുതിർത്തത്. സംഭവം നടക്കുമ്പോള്‍ താരം വീട്ടിലുണ്ടായിരുന്നു. മൂന്നുതവണയാണ് ബൈക്കിലെത്തിയ സംഘം വെടിയുതിർത്തത്. പിന്നാലെ തിങ്കളാഴ്ച അര്‍ധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നും വെടിയുതിര്‍ത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്. വെടിവയ്പ്പിനു ശേഷം ഇവർ മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു.

സംഭവസമയത്ത് ബൈക്ക് ഓടിച്ചിരുന്നത് വിക്കി സാഹബ് ഗുപ്തയാണെന്നും സാഗർ ശ്രീജോഗേന്ദ്ര പാലാണ് നടന്‍റെ വീടിനുനേരെ വെടിയുതിര്‍ത്തത് എന്നുമാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇരുവരെയും കോടതി ഏപ്രിൽ 25 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന പുറത്തുകൊണ്ടുവരാനും സംഭവത്തിന് പിന്നിലെ സൂത്രധാരനെ കണ്ടെത്താനും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സൽമാൻ ഖാനെ കൂടാതെ മറ്റാരെയെങ്കിലും ആക്രമിക്കാൻ പ്രതികൾക്ക് പദ്ധതിയുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

‌‌‌‌അതേസമയം പ്രതികള്‍ ഉപയോഗിച്ച തോക്ക്, ബൈക്ക് എന്നിവ ഇതുവരെയും പൊലീസ് കണ്ടെത്തിയിട്ടില്ല. കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളടക്കം ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 

Shooter's intention was to kill actor Salman Khan says Police.

MORE IN INDIA
SHOW MORE