ഇന്ധന ടാങ്ക് കാലിയാകും വരെ വിമാനം പറപ്പിച്ചു; പരിഭ്രാന്തരായി യാത്രക്കാര്‍; ഇന്‍ഡിഗോയ്ക്കെതിരെ പരാതി

indigo
SHARE

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ക്കെതിരായ പരാതികളുടെ പ്രളയമാണ് കുറച്ചുദിവസങ്ങളായി. ഇപ്പോഴിതാ ഇന്ധന ടാങ്ക് കാലിയാകും വരെ വിമാനം പറപ്പിച്ചുവെന്ന ആരോപണം കൂടി എത്തുകയാണ്. അയോധ്യയിൽനിന്ന് ഡൽഹിക്കുള്ള ഇൻഡിഗോ വിമാനം ചണ്ഡിഗഡിൽ ലാൻഡ് ചെയ്തപ്പോൾ ഇന്ധന ടാങ്ക് ‘കാലി’യായിരുന്നുവെന്നാണ് യാത്രക്കാരന്‍റെ ആരോപണം. ആരോപണം ഉയർന്നതോടെ ഇൻഡിഗോയ്‌ക്കെതിരെ വിരമിച്ച പൈലറ്റ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എസ്ഒപികൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) ലംഘിച്ചുവെന്നാണു വിമർശനം.

ഏപ്രിൽ 13ന് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രക്കാരനായ സതീഷ് കുമാറാണ് ‘വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അനുഭവമെന്ന്’ വിശേഷിപ്പിച്ച് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘ഫ്ലൈറ്റ് നമ്പർ 6E2702 വിമാനം അയോധ്യയിൽനിന്ന് വൈകുന്നേരം 3.25ന് പുറപ്പെട്ട് ഡൽഹിയിൽ 4.30ന് എത്തേണ്ടതായിരുന്നു. എന്നാൽ ലാൻഡ് ചെയ്യുന്നതിന് 15 മിനിറ്റ് മുൻപ് ഡൽഹിയിൽ മോശം കാലാവസ്ഥയാണെന്നും ലാൻഡിങ് നടക്കില്ലെന്നും അനൗൺസ് ചെയ്തു. നഗരത്തിനു മുകളിലൂടെ പറന്നു രണ്ടു തവണ ലാൻഡ് ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല. 

ഇനി 45 മിനിറ്റ് നേരം പറക്കാനുള്ള ഇന്ധനമേ ഉള്ളൂവെന്ന് 4.15ന് പൈലറ്റ് അറിയിച്ചു. എന്നാൽ രണ്ടുതവണ ലാൻഡ് ചെയ്യാനുള്ള ശ്രമം വിജയിക്കാതായപ്പോൾ ചണ്ഡിഗഡിലേക്കു പോകുകയാണെന്ന് 5.30ന് പൈലറ്റ് അറിയിച്ചു. 45 മിനിറ്റേ ഇന്ധനം ഉണ്ടാകൂയെന്ന് അറിയിച്ചശേഷം 75 മിനിറ്റായിരുന്നു അപ്പോൾ. അത്രയും ആയപ്പോൾ പല യാത്രക്കാരും ജീവനക്കാരിലൊരാളും പരിഭ്രാന്തരായി ഛർദിക്കാൻ തുടങ്ങി. ഒടുവിൽ 6.10ന് ചണ്ഡിഗഢ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തു. 

45 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമേ ഉള്ളൂവെന്ന് അറിയിച്ചശേഷം 115 മിനിറ്റ് ആയപ്പോഴാണ് ലാൻഡ് ചെയ്തത്. വെറും ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടി പറക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂവെന്ന് ലാൻഡ് ചെയ്തു കഴിഞ്ഞപ്പോൾ ജീവനക്കാർ പറയുന്നതിൽനിന്നു മനസ്സിലായി’’ – സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റിൽ സതീഷ് കുമാർ കുറിച്ചു. അദ്ദേഹം ഡിജിസിഎയെ ടാഗ് ചെയ്തിട്ടുമുണ്ട്. അതേസമയം, ആവശ്യത്തിനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ഇൻഡിഗോയുടെ നിലപാട്. പൈലറ്റ് എടുത്ത എല്ലാ നിലപാടുകളും എസ്ഒപികൾക്ക് അനുസരിച്ചായിരുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.

IndiGo flight landed with two minutes of fuel left.

MORE IN INDIA
SHOW MORE