ടി.എം.സി ഓഫീസില്‍വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നെന്ന് സ്ത്രീകള്‍

sandheshkhali
SHARE

ബംഗാളിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞതായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇരകളോട് പ്രതികളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ടി.എം.സി നേതാവായിരുന്ന ഷെയ്ഖ് ഹാജഹാന്‍റെയും കൂട്ടാളികളുടെയും കണ്ണില്‍പ്പെടാതിരിക്കാന്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ മറ്റിടങ്ങളിലേയ്ക്ക് മാറ്റി താമസിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്‍റെ നേതൃത്വത്തില്‍ വര്‍ഷങ്ങളോളം അരങ്ങേറിയ ക്രൂരതകളെക്കുറിച്ച് സ്ത്രീകള്‍ നല്‍കിയ നടുക്കുന്ന വിവരങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഷാജഹാന്‍റെ കൂട്ടാളികളായ ഷിബുപ്രസാദ് ഹസ്റ, ഉത്തം സര്‍ദാര്‍, അമിര്‍ അലി ഗാസി എന്നിവരാണ് മറ്റു പ്രധാനപ്രതികള്‍. ഇവരിപ്പോള്‍ അറസ്റ്റിലാണ്. ഒളിവിലായിരുന്ന ഷെയ്ഖ് ഹാജഹാനെ ഫെബ്രുവരി 29ന് അറസ്റ്റു ചെയ്തു. തന്‍റെ ഭര്‍ത്താവിനെ ബലമായി കൊണ്ടുപോയി രാവും പകലുമില്ലാതെ നിര്‍ബന്ധിച്ച് തൊഴിലെടുപ്പിച്ചിരുന്നതായി ഒരു സ്ത്രീ പറയുന്നു.

ഭര്‍ത്താവിനെക്കുറിച്ച് അന്വേഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് പോയപ്പോള്‍ ആ സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടു. പരാതിപ്പെട്ടപ്പോള്‍ പ്രതികളുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം. പെണ്‍മക്കളെ സന്ദേശ്ഖാലിക്ക് പുറത്ത് ബന്ധുവീടുകളിലാണ് താമസിപ്പിച്ചിരുന്നതെന്ന് ചിലര്‍ പറയുന്നു. ക്രൂരമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും പൊലീസ് കണ്ടഭാവം നടിക്കാറില്ലെന്ന് ഇരകളില്‍ ഭൂരിഭാഗവും മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പാര്‍ട്ടി യോഗങ്ങളുടെയും സ്വയം സഹായക സംഘ യോഗങ്ങളുടെയും പേര് പറഞ്ഞ് സ്ത്രീകളെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി പീഡിപ്പിക്കുമായിരുന്നു. പാര്‍ട്ടി ഓഫീസ് വൃത്തിയാക്കുന്നത് അടക്കം ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുമായിരുന്നു. സമൂഹത്തെയും നേതാക്കളെയും ഭയന്ന് പീഡന വിവരം പുറത്തുപറയാറില്ലെന്ന് സ്ത്രീകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ബിജെപിയുടെ പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. 

MORE IN INDIA
SHOW MORE