ഇന്നത്തെ വെടിവെപ്പ് വെറും 'ട്രെയ്​ലര്‍'; സല്‍മാന്‍ഖാന് സിദ്ദു മൂസെവാലയുടെ കൊലപാതകിയുടെ ഭീഷണി

ബോളിവുഡ് താരം സല്‍മാന്‍ഖാന്‍റെ വീടിനുനേരെ വെടിയുതിര്‍ത്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അന്‍മോല്‍ ബിഷ്ണോയ്. മുംബൈയില്‍ ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാൻ്റെ വസതിക്ക് മുന്നിലാണ് ഇന്ന് പുലര്‍ച്ചെ 4.55-ഓടെ വെടിവെപ്പുണ്ടായത്. അക്രമികള്‍ ആറ് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്ണോയ്. നിലവില്‍ അന്‍മല്‍ കാലിഫോര്‍ണിയയിലാണെന്നാണ് വിവരം. സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ അന്‍മോല്‍ ബിഷ്ണോയും പ്രതിയാണ്. കൊലപാതകത്തിനുശേഷം വ്യാജ പാസ്പോര്‍ട്ടിലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് രക്ഷപെട്ടത്.

ഹരിയാന സ്വദേശിയായ ഭാനു പ്രതാപ് എന്നയാളുടെ പേരിലെടുത്ത വ്യാജ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് അന്ന് അന്‍മല്‍ രാജ്യം വിട്ടത്. ഒരു വര്‍ഷം മുന്‍പ് അസര്‍ബൈജാനില്‍ ഇയാളെ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണസംഘത്തിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപെടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സച്ചിന്‍ ഥാപ്പന്‍ അവിടെ നിന്ന് പിടിയിലാകുകകയും ചെയ്തിരുന്നു.

ഇന്നത്തേത് വെറും ട്രെയിലര്‍ മാത്രമാണെന്നും ഭാവിയില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അന്‍മോലിന്‍റെതെന്ന് സംശയിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാറില്‍നിന്നും ലോറന്‍സ് ബിഷ്‌ണോയില്‍നിന്നും സല്‍മാന്‍ ഖാന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. ബിഷ്ണോയിയുടെ പത്തംഗ ഹിറ്റ്ലിസ്റ്റില്‍ സൽമാൻ ഖാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

Who Is Anmol Bishnoi Gangster Behind Firing At Salman Khan's House