പ്രകടന പത്രികയല്ല, നുണ പത്രിക; ബിജെപി പ്രകടന പത്രികക്കെതിരെ വിമ‍ര്‍ശനവുമായി പ്രതിപക്ഷം

bjp-manifesto
SHARE

ബിജെപി പ്രകടന പത്രിക നുണ പത്രികയാണെന്ന് പ്രതിപക്ഷം. തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന് ബിജെപി ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. തട്ടിപ്പ് പത്രിക ജനം തിരിച്ചറിയുമെന്ന്  ആര്‍.ജെ.ഡിയും എ.എ.പിയും . സാമ്പത്തിക അസമത്വവും ഭിന്നിപ്പും വർധിപ്പിക്കുകയാണ് മോദി സർക്കാർ 10 വർഷം ചെയ്തതെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി.

ബിജെപിയുടെ പ്രകടനപത്രിയിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീപക്ഷ പദ്ധതികൾ, അതിര്‍ത്തി സംരക്ഷണം, മണിപ്പൂര്‍ കലാപം ഇതുമായെല്ലാം ബന്ധപ്പെട്ട് എന്തുണ്ട് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കോണ്‍ഗ്രസ് ആറുമാസമെടുത്ത് എല്ലാ വിഭാഗങ്ങളെയും കേട്ട് ജനങ്ങളുടെ പ്രകടനപത്രിക തയ്യാറാക്കിയപ്പോൾ ബിജെപി 13 ദിവസം കൊണ്ട് മോദി -  അമിത് ഷാ നുണ പത്രിക ഇറക്കി എന്നാണ് കോൺഗ്രസ് വിമർശനം.

വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ  ബിജെപിയുടെ പ്രകടന പത്രികയിലും മോദിയുടെ പ്രസംഗത്തിലും ഉണ്ടാകില്ലെന്നും  '  ഇത്തവണ യുവാക്കൾ മോദിയുടെ കെണിയിൽ വീഴാതെ കോൺഗ്രസിനെ ശക്തിപ്പെടുത്തി  തൊഴിൽ വിപ്ലവം കൊണ്ടുവരുമെന്നും രാഹുൽഗാന്ധി എക്സിൽ കുറിച്ചു. മോദി ജനങ്ങളിൽ നിന്ന് അകന്നെന്നും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗിക്കുന്നത് എന്നും പ്രിയങ്ക ഗാന്ധി രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ വിമർശിച്ചു. ബിജെപിയുടെ പ്രകടനപത്രികയ്ക്ക് നേർവിപരീതമാണ് യാഥാർത്ഥ്യമെന്ന് എ.എ.പി.

ബിജെപി പ്രകടന പത്രിക പൊള്ളയെന്ന് ആർജെഡി എംപി .മിസ ഭാരതി ആരോപിച്ചു. ബി.ജെ.പി കഴിഞ്ഞ പത്തുവർഷം സാമ്പത്തിക അസമത്വം വർധിപ്പിക്കാനും  മതത്തിന്‍റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് ഉപയോഗിച്ചതെന്ന് സി.പി.എം നേതാവ് വികാസ് രഞ്ജൻ. കർഷകർക്ക് ഒരുറപ്പും നൽകാത്ത പ്രകടനപത്രികയാണ് ബിജെപിയുടേതെന്ന്  കര്‍ഷക സംഘടനകളും വിമർശിച്ചു.

MORE IN INDIA
SHOW MORE