വിമാനത്തില്‍ യാത്രക്കാര്‍ക്ക് എത്ര 'പെഗ്ഗ്' ലഭിക്കും? ഡി.ജി.സി.എ പറയുന്നത് ഇങ്ങനെ

എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രക്കാര്‍ക്കു നേരെ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ വിമാനങ്ങളിലെ മദ്യ ഉപയോഗം വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ഇരയായ യാത്രക്കാരന്‍ നല്‍കിയ കേസ് സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കെതിരെ 'സീറോ ടോളറന്‍സ്' നയം രൂപീകരിക്കാന്‍ എയര്‍ലൈന്‍ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോ (ഡി.ജി.സി.എ)ട് നിര്‍ദ്ദേശിക്കണം എന്നാണ് പരാതിക്കാരന്‍റെ ആവശ്യം. 

കേസുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ മദ്യഉപഭോഗത്തെ പറ്റി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുപ്രീംകോടതിയില്‍ മറുപടി നല്‍കിയിരുന്നു. ഇതില്‍ ഓരോ വിമാനയാത്രക്കാരനും എത്രത്തോളം മദ്യം ഉപയോഗിക്കാം എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുന്നുണ്ട്. 

ഡിജിസിഎ പറയുന്നത്

വിമാനത്തില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന്‍റെ അളവ് സംബന്ധിച്ച് എയര്‍ലൈന്‍ റെഗുലേറ്ററി ബോഡിക്ക് പ്രത്യേക നയമില്ലെന്നാണ് ഡി.ജി.സി.എയുടെ മറുപടിയിലുള്ളത്. ബുക്ക് ചെയ്ത വിമാന കമ്പനിയുടെ പോളിസിക്ക് അനുസൃതമായാണ് മദ്യത്തിന്‍റെ അളവ് നിശ്ചയിക്കുന്നത്. ഓരോ കമ്പനിക്കും ഓരോ അളവായിരിക്കാം. എന്നാല്‍ സിവില്‍ എവിയേഷന്‍ റിക്വയര്‍മെന്റ്സ് വഴി ഓരോ വിമാന കമ്പനികള്‍കും യാത്രക്കാരെ മദ്യപിക്കുന്നത് തടയുന്നതിനുള്ള പോളിസി ഉണ്ടാക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യയില്‍ എത്ര മദ്യം ലഭിക്കും

എയര്‍ ഇന്ത്യയിലെ പോളിസി പ്രകാരം ഒരു സമയം 'ഒരു ഡ്രിങ്ക്' ആണ് വിളമ്പുക. 12 ഔണ്‍സ് ബിയര്‍, ഒരു ഗ്ലാസ് വൈനോ ഷാംപെയിനോ എന്നിവയാണ് ഒരു സമയം ലഭിക്കുക. 18 വയസിന് താഴെ പ്രായമുള്ള യാത്രക്കാര്‍ക്ക് മദ്യം വിളമ്പില്ല. നാല് മണിക്കൂറില്‍ താഴെയുള്ള യാത്രയ്ക്ക് രണ്ട് ഡ്രിങ്കില്‍ കൂടുതല്‍ അനുവദിക്കില്ല. മൂന്ന് ഡ്രിങ്ക് ലഭിക്കണമെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേള വേണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.

How much liquor get inside aeroplane in India; DGCA clarify