മദ്യപിച്ച് വിമാനം പറത്താനെത്തിയ വനിതാ പൈലറ്റിനെ സസ്‌പെൻഡ് ചെയ്ത് എയർ ഇന്ത്യ

മദ്യപിച്ച് വിമാനം പറത്താനെത്തിയ വനിതാ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് എയർ ഇന്ത്യ. വിമാന യാത്രക്ക്  മുമ്പുള്ള ബ്രീത്ത് അനലൈസർ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരുന്നതായി വ്യക്തമായത്.  ബോയിംഗ് 787 വിമാനത്തിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന പൈലറ്റ് ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

സംഭവത്തില്‍ എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ ക്രൂ അംഗങ്ങളും ജോലി ആരംഭിക്കുന്നതിന് മുമ്പ് പ്രീ-ഫ്ലൈറ്റ് ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരാകണം.

ഈ പരീക്ഷകളിൽ ഏതെങ്കിലും ക്രൂ അംഗം പരാജയപ്പെട്ടാല്‍ കർശനമായ പിഴ ചുമത്തും. ആദ്യതവണയാണ് പരാജയപ്പെടുന്നതെങ്കില്‍ മൂന്ന് മാസത്തേക്ക് ഫ്ലൈയിംഗ് ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നതാണ് ശിക്ഷ. കഴിഞ്ഞ വർഷം, മദ്യപാനവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരുടെ മെഡിക്കൽ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങൾ ഡിജിസിഎ പരിഷ്കരിച്ചിരുന്നു. മൗത്ത് വാഷ് അല്ലെങ്കിൽ ടൂത്ത് ജെൽ ഉൾപ്പെടെയുള്ള മദ്യം അടങ്ങിയ ഏതെങ്കിലും പദാർത്ഥത്തിന്‍റെ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതും ബ്രീത്ത് അനലൈസർ ടെസ്റ്റില്‍ പരാജപ്പെടാന്‍ കാരണമാകും. ഏതെങ്കിലും പ്രത്യേക മരുന്ന് കഴിക്കുകയാണെങ്കിലും ജീവനക്കാര്‍ അധികൃതരെ അറിയിക്കണം. 

Air India suspends pilot for 3 months after failing pre-flight breath analyser test