കോടികളുടെ ആഡംബര വാച്ചുകള്‍ കടത്തി; തെലങ്കാന മന്ത്രിയുടെ മകന് സമന്‍സ്

ponguletti-harsha-reddy
ചിത്രം: എക്സ്
SHARE

തെലങ്കാന മന്ത്രി പൊങ്ങുലേറ്റി ശ്രീനിവാസ റെഡ്ഡിയുടെ മകൻ ഹർഷ റെഡ്ഡിക്ക് സമന്‍സുമായി ചെന്നൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഹർഷ റെഡ്ഡിയുടെ 1.7 കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി കടത്തിക്കൊണ്ടുവന്നതാണ് എന്ന് കാണിച്ചാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ഫെബ്രുവരി അഞ്ചിന് സിംഗപ്പൂരിൽ നിന്ന് മടങ്ങിയ ആഡംബര വാച്ചുകളുടെ ഡീലറായ മുഹമ്മദ് മുബീനിൽ നിന്നാണ് വാച്ചുകൾ പിടിച്ചെടുത്തത്. പാടെക്ക് ഫിലിപ്പ് 5740, ബ്രെഗറ്റ് 2759 എന്നീ വാച്ചുകള്‍ ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. എയർ ഇന്‍റലിജന്‍സ് യൂണിറ്റിന് (എഐയു) ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മുബീന് ഓർഡർ നൽകിയ എ നവീൻ കുമാർ എന്ന ഇടനിലക്കാരൻ മുഖേനയാണ് ഹർഷ റെഡ്ഡി വാച്ചുകൾ വാങ്ങിയതെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതില്‍ ഹവാല ഇടപാടുകളും ക്രിപ്‌റ്റോകറൻസിയും ഉൾപ്പെട്ടിട്ടുണ്ടെന്നും വാച്ചുകൾ ഹർഷ റെഡ്ഡി വാങ്ങിയതാണെന്ന് നവീന്‍ കുമാർ പറഞ്ഞതായും ആരോപണമുണ്ട്.

മാർച്ച് 28 നാണ് രാഘവ പ്രോജക്‌ട്‌സിന്‍റെ ഡയറക്ടര്‍ കൂടിയായ ഹർഷ റെഡ്ഡിക്ക് കസ്റ്റംസ് സമന്‍സ് അയക്കുന്നത്. ഏപ്രിൽ 4 ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡെങ്കിപ്പനി ബാധിച്ചതിനാൽ കൂടുതൽ സമയം തേടുകയായിരുന്നു. ഏപ്രിൽ 27ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്നാണ് ഹർഷ റെഡ്ഡി അറിയിച്ചിരിക്കുന്നത്. 100 കോടിയിലധികം രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകൾ കടത്തിയതിൽ പങ്കുണ്ടെന്ന് ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയിക്കുന്ന ഇടനിലക്കാരനായ നവീന്‍ കുമാറിനെതിരെയും കൂടുതൽ അന്വേഷണം നടക്കുകയാണ്

അതേസമയം ഹർഷയുടെ പിതാവും തെലങ്കാന റവന്യൂ, ഹൗസിംഗ്, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് മന്ത്രിയുമായ ശ്രീനിവാസ റെഡ്ഡി സംഭവത്തില്‍ പ്രതികരിക്കാൻ വിസമ്മതിച്ചു, മകൻ പിന്നീട് പ്രസ്താവന നടത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

Customs issued a summons to Ponguleti Harsha Reddy, son of Telangana minister Ponguleti Srinivasa Reddy, in purchase of two luxury watches worth Rs 1.7 crore

MORE IN INDIA
SHOW MORE