ഇന്ത്യയിലെ വാര്‍ത്ത സംപ്രക്ഷണം: ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി ബിബിസി

ഇന്ത്യയിലെ വാര്‍ത്ത സംപ്രക്ഷണത്തിന്‍റെ ലൈസെന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി ബിബിസി. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും ആദായനികുതി പ്രശ്നങ്ങളിലും പരിശോധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തിനകമാണ് ബിബിസി വാര്‍ത്ത സംപ്രക്ഷണത്തിന്‍റെ ലൈസെന്‍സ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ബിബിസിയുടെ തന്നെ ഇന്ത്യക്കാരായ നാലു  ജീവനക്കാര്‍ ചേര്‍ന്ന്  രൂപീകരിച്ച കളക്ടീവ് ന്യൂസ് റൂമിനാണ് ലൈസെന്‍സ് കൈമാറുന്നത് .  

ഇതാദ്യമായാണ് ബിബിസി, വാര്‍ത്ത നടത്തിപ്പിന്‍റെ അവകാശം ഏതെങ്കിലും ഒരു രാജ്യത്ത് മറ്റൊരു കമ്പനിക്ക് കൈമാറുന്നത്.  നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച് പുതിയ നിയമത്തെ തുടര്‍ന്നാണ് ബിബിസിക്ക് ഇന്ത്യയിലെ ഇത്തരത്തിലൊരു ക്രമീകരണം വേണ്ടി വന്നത്. പുതിയ കമ്പനിയില്‍ 26 ശതമാനം ഓഹരിക്ക് ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കിയതായാണ് വിവരം. 200 ജീവനക്കാരാണ് ബിബിസിക്ക് ഇന്ത്യയിലുള്ളത്.

ലണ്ടന്‍ കഴിഞ്ഞാല്‍ ബിബിസിയുടെ ഏറ്റവും വലിയ ഓഫീസ് ഇന്ത്യയിലെ ബ്യൂറോയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ ഡല്‍ഹിയിലേയും മുംബൈയിലേയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 

BBC hands over license to private company in India