‘അലെക്സ, പട്ടിയെപ്പോലെ കുരയ്ക്ക്’; കുട്ടികളെ കുരങ്ങന്മാരില്‍ നിന്ന് രക്ഷിച്ച് വെര്‍ച്വല്‍ അസിസ്റ്റന്റ്

ആക്രമിക്കാന്‍ വന്ന കുരങ്ങന്മാരെ വെര്‍ച്വല്‍ അസിസ്റ്റന്റ് അലക്സയെ ഉപയോഗിച്ച് വിരട്ടി പതിമൂന്നുകാരി. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം. ആവാസ് വികാസ് കോളനിയില്‍ താമസിക്കുന്ന പങ്കജ് ഓജ വീട്ടില്‍ വന്ന അതിഥിയെ യാത്രയാക്കാന്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ ഓര്‍ക്കാതെ തുറന്നിട്ടുപോയി. ആഹാരം തേടി നടന്ന തടിയന്‍ കുരങ്ങ് ഈസമയത്ത് വീട്ടില്‍ കയറി. സ്വീകരണമുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് അലങ്കോലമാക്കിയ കുരങ്ങ് മുകളിലെ നിലയിലേക്ക് കയറി. ഒന്നാംനിലയില്‍ അടുക്കളയുടെ അടുത്തുള്ള മുറിയില്‍ ഓജയുടെ ഒന്നരവയസുള്ള മകള്‍ വാമിക ഭാര്യയുടെ അനുജത്തി 13 വയസുള്ള നികിതയ്ക്കൊപ്പം കളിക്കുകയായിരുന്നു. പെട്ടെന്ന് മുന്നിലെത്തി കുരങ്ങിനെക്കണ്ട് നികിത പകച്ചെങ്കിലും ആത്മധൈര്യം കൈവിട്ടില്ല. ആമസോണ്‍ വെര്‍ച്വല്‍ അസിസ്റ്റന്റ് മുറിയിലുണ്ടായിരുന്നതോര്‍ന്ന് ‘അലെക്സ, പട്ടിയെപ്പോലെ ഉറക്കെ കുരയ്ക്ക്’ എന്ന് നികിത വിളിച്ചുപറഞ്ഞു. അലെക്സ കുര തുടങ്ങിയതോടെ കുരങ്ങ് വിരണ്ടു. നിര്‍ത്താതെയുള്ള കുരകേട്ട് കുരങ്ങ് അടുത്ത വീടിന്റെ ടെറസിലേക്ക് ചാടി ഓടിപ്പോയി. 

മുതിര്‍ന്നവര്‍ ആരും വീട്ടിലില്ലാതിരുന്നതുകൊണ്ട് എങ്ങനെയും കുരങ്ങനെ ഓടിക്കണമെന്ന ചിന്ത മാത്രമേ മനസില്‍ വന്നുള്ളുവെന്ന് നികിത പറഞ്ഞു. ഫ്രിഡ്ജിനുമുകളില്‍ ‘അലക്സ’ ഉള്ളത് കണ്ടതുകൊണ്ടുമാത്രമാണ് അപ്പോള്‍ അങ്ങനെയൊരു ഐഡിയ തോന്നിയത്. സംഗതി ക്ലിക്കായതോടെ കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. വീട്ടിലെ ഉപകരണങ്ങള്‍ വെര്‍ച്വല്‍ അസിസ്റ്റന്റുമായി സിങ്ക് ചെയ്തിട്ടുള്ളതിനാല്‍ കുട്ടികളടക്കം ഇടയ്ക്കിടെ കമാന്‍ഡുകള്‍ നല്‍കാറുണ്ടെന്നും ഈ പരിചയം രക്ഷയായെന്നും പങ്കജ് ഓജ പറഞ്ഞു. ഏതായാലും അലക്സയ്ക്ക് നന്ദി പറഞ്ഞ് മതിയായിട്ടില്ല ഓജയ്ക്കും കുടുംബത്തിനും.

alexa-rescues-kids-from-monkey-uttar-pradesh-basti