സ്ത്രീധനമായി ആഡംബരവാഹനവും 21ലക്ഷവും ലഭിച്ചില്ല; യുവതിയെ ഭർത്താവും വീട്ടുകാരും മർദിച്ചുകൊന്നു

Karishma
SHARE

സ്ത്രീധനമായി ആഡംബരവാഹനം നല്കാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെ‌ട്ടത്. യുവതിയുടെ സഹോദരൻ ദീപക് നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് തന്നെ മർദിച്ചതായി കരിഷ്മ സ്വന്തം വീട്ടിൽ വിളിച്ച് പറ‍ഞ്ഞിരുന്നു. ഇതറിഞ്ഞ് സഹോദരൻ അടക്കമുള്ളവർ അന്വേഷിച്ച് എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2022 ഡിസംബറിലാണ്‌ ചൗഗൻപൂർ ഗ്രാമത്തിലേക്ക് വികാസ് കരിഷ്മയെ വിവാഹം ചെയ്ത് കൊണ്ടുവന്നത്. വികാസിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വിയും സ്ത്രീധനമായി കരിഷ്മയുടെ കുടുംബം നൽകിയിരുന്നു. എന്നാൽ ഇത് പോരെന്നും ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും വേണമെന്നും ആവശ്യപ്പെട്ട് വികാസും കുടുംബവും കരിഷ്മയെ നിരന്തരം ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവാഹം മുതൽ തന്നെ ആരംഭിച്ച സ്ത്രീധനപീഡനം കരിഷ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ വഷളായി. ഗ്രാമത്തിൽ നടന്ന ഒത്തുതീർപ്പുചർച്ചകളെത്തുടർന്ന് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി കുടുംബത്തിന് നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്നും സഹോദരന്റെ പരാതിയിലുണ്ട്. വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ, വികാസ്, പിതാവ് എന്നിവർക്കെതിരെയാണ് സ്ത്രീധനത്തിനായുള്ള കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ വികാസിനെയും അച്ഛൻ സോംപാലിനെയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

MORE IN INDIA
SHOW MORE