ഇന്‍ഡിക്കേറ്ററിടുന്നതിനെ ചൊല്ലി തര്‍ക്കം; ബെംഗളൂരു നഗരത്തില്‍ കാര്‍ യാത്രക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ചു

bengaluru
SHARE

ബെംഗളൂരു നഗരമധ്യത്തില്‍ ഇന്‍ഡിക്കേറ്ററിടുന്നതിനെ ചൊല്ലി കാര്‍ യാത്രക്കാരെ ഒരുകൂട്ടം ആളുകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. മഡിവാളയില്‍ നിന്നു ഹൊസൂരിലേക്കു പോവുകയായിരുന്ന കുടുംബത്തെയാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം അഞ്ച് കിലോമീറ്ററിലധികം ദൂരം പിന്തുടര്‍ന്ന് ആക്രമിക്കുകയും കാറിലേക്ക് ഇടിച്ചുകയറാനും  ശ്രമിച്ചത്. അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.

മഡിവാളയില്‍ താമസിക്കുന്ന ഒന്നര വയസമുള്ള കുട്ടിയുമടങ്ങുന്ന കുടുംബം ഞായറാഴ്ച രാത്രി  ഹൊസൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം.  കാറ് ഇന്‍ഡിക്കേറ്ററിട്ടതിനു നേരെ വിപരീത ദിശയിലേക്കു തിരിഞ്ഞതാണു കാരണം. പിറകെയുണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ ഇതു ചോദ്യം ചെയ്തു. തുടര്‍ന്നു ബൈക്കുകളിലും സ്കൂട്ടറിലുമായി അഞ്ചംഗ സംഘം കുടുംബത്തെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗതാഗത കുരുക്കില്‍പെടുന്ന സമയങ്ങളിലെല്ലാം ഡോര്‍ വലിച്ചുതുറക്കാന്‍ അക്രമി സംഘം ശ്രമിച്ചു. 

യാത്രക്കാരി പൊലീസിനെ വിളിച്ചു സഹായം ആവശ്യപ്പെട്ടു. ഇതിനകം കാറും അക്രമികളും തമ്മിലുള്ള ചേസിങ് അഞ്ചു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. കോറമംഗലയെത്തിയപ്പോള്‍ ട്രാഫിക് പൊലീസ് സംഘം കുതിച്ചെത്തി. പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ മൂന്നുപേര്‍ പിടിയിലായി. ഐ.ടി. നഗരത്തില്‍  വാഹന യാത്രക്കാരെ ആക്രമിക്കുകയും പണം തട്ടുകയും വ്യാപകമാണന്ന പരാതി നിലനില്‍ക്കെയാണുപുതിയ സംഭവം.

MORE IN INDIA
SHOW MORE