'ലവ് ഇന്‍ സിംഗപ്പൂര്‍' നായിക ബി.ജെ.പി സ്ഥാനാര്‍ഥി; താരമണ്ഡലമായി അമരാവതി; സീറ്റ് പോയതില്‍ ശിവസേനയ്ക്ക് അമര്‍ഷം

Navneeth-BJP
SHARE

ഗ്ലാമര്‍ പരിവേഷമുള്ള താര മണ്ഡലമാണ് മഹാരാഷ്ട്രയിലെ അമരാവതി. രാഷ്ട്രീയ കൂടുമാറ്റത്തിലൂടെ നടിയും സിറ്റിങ് എം.പിയുമായ നവനീത് റാണെയെ ഇക്കുറി കളത്തില്‍ ഇറക്കുകയാണ് ബിജെപി. സ്ഥാനാര്‍ഥിയായതിന് പിന്നാലെ എന്‍സിപി– കോണ്‍ഗ്രസ് ബന്ധുത്വം ഉപേക്ഷിച്ച റാണ ബിജെപിയില്‍ ചേര്‍ന്നു. ശിവസേനയുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ബിജെപിയുടെ തീരുമാനം.

ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന് പരിചിതയാണ് നവനീത് റാണ. തെന്നിന്ത്യന്‍ നടിയായി തിളങ്ങി നില്‍ക്കവേ രാഷ്ട്രീയ പ്രവേശനം. ഭര്‍ത്താവ് രവി റാണെയുടെ തട്ടകമായ അമരാവതിയില്‍ പിന്നീട് രാഷ്ട്രീയ താരമായി വളര്‍ന്ന കഥയാണ്  ഇവരുടേത്. 2014ല്‍ എന്‍സിപി ടിക്കറ്റില്‍ ആദ്യ അങ്കത്തിന് ഇറങ്ങിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വീണ്ടും കളത്തിലിറങ്ങിയത് കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും പിന്തുണയോടെ. ശിവസേനയെ മുപ്പത്താറായിരത്തില്‍ പരം വോട്ടുകള്‍ക്ക് അട്ടിമറിച്ച് മിന്നുന്ന വിജയം. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നുള്ള റാണെയുടെ ഭീഷണി വലിയ വിവാദമായിരുന്നു. ബിജെപി ക്യാംപുമായുള്ള ഏറെനാളത്തെ അടുപ്പം സ്ഥാനാര്‍ഥിത്വത്തിലൂടെ റാണ ഉറപ്പിക്കുകയാണ്.

നാഗ്പുരില്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ബിജെപി പ്രവേശനം. രാഷ്ട്രീയത്തിന് അതീതമായി റാണയ്ക്ക് കിട്ടുന്ന പിന്തുണ വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. സീറ്റ് കൈവിട്ടുപോയതോടെ കടുത്ത അമര്‍ഷത്തിലാണ് ശിവസേന. കഴിഞ്ഞതവണ റാണയ്ക്കെതിരെ പരാജയപ്പെട്ട അനന്ദ് റാവു അഡ്‍‌സുള്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. പാളയത്തിലെ പടക്ക് ഒപ്പം ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നവനീത് റാണയ്ക്ക് എതിരെയുള്ള കേസും കരുക്കാണ്. എസ്.സി മണ്ഡലമായ അമരാവതിയില്‍ മല്‍സരിക്കാന്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന് കണ്ടെത്തിയ ബോംബേ ഹൈക്കോടതി റാണയ്ക്ക് രണ്ട് ലക്ഷം പിഴ ചുമത്തിയിരുന്നു. ഇതില്‍‌ ഇനി വരാനിരിക്കുന്ന സുപ്രീംകോടതി വിധി റാണയ്ക്ക് നിര്‍ണായകമാകും.

MORE IN INDIA
SHOW MORE