ഡല്‍ഹിയില്‍ വീണ്ടുമൊരു വനിതാ മുഖ്യമന്ത്രി വരുമോ? സാധ്യതകളില്‍ സുനിതയും അതിഷിയും

sunita-atishi
SHARE

അരവിന്ദ് കേ‍ജ്‌രിവാളിന്‍റെ ജയില്‍വാസം തുടര്‍ന്നാല്‍ ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയെ ലഭിക്കുമോ?. കേജ്‌രിവാളിന്‍റെ ഭാര്യ സുനിതയോ മന്ത്രി അതിഷിയോ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല എന്ന കേജ്‌രിവാളിന്‍റെ നിലപാടിന് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ സ്വീകാര്യതയില്ലെന്നാണ് സൂചന. ഭരണപ്രതിസന്ധിയുണ്ടായാല്‍ ജനവികാരം എതിരാകുമെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കേജ്‍രിവാള്‍ എന്ന വ്യക്തിയിലൊതുങ്ങിയ പാര്‍ട്ടിക്ക് രണ്ടാമനെ കണ്ടെത്തുക ദുഷ്കരമാണ്. 

രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്ന മനീഷ് സിസോദിയ ജയിലിലാണ്. കേജ്‍രിവാളിനോടുള്ള കൂറും വിശ്വസ്ഥതയുമാണ് അടുത്ത നേതാവിനെ കണ്ടെത്തുന്നതില്‍ മുഖ്യം. അതുനോക്കിയാല്‍ ആദ്യ സാധ്യത സുനിത കേജ്‍രിവാളിന് തന്നെ. ആപ്പിനൊപ്പം എന്നും സുനിതയുണ്ടായിരുന്നെന്ന അതിഷിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. എന്നാല്‍ മുഖ്യമന്ത്രി അറസ്റ്റിലായപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വക്താവായി രംഗത്തെത്തിയ അതിഷിക്കും ചിലര്‍ സാധ്യത കാണുന്നു. ദിവസവും മല്‍സരിച്ച് വാര്‍ത്താസമ്മേളനം നടത്തുന്ന അതിഷിയും സൗരഭ് ഭരദ്വാജും കേജ്‍രിവാളിന്‍റെ പ്രീതിപിടിച്ചുപറ്റാനുള്ള പരിശ്രമത്തിലാണെന്നും പാര്‍ട്ടിയില്‍ അടക്കം പറച്ചിലുണ്ട്. സുഷമ സ്വരാജും ഷീല ദീക്ഷിതും, കരുത്തരായ രണ്ട് മുഖ്യമന്ത്രിമാരെ കണ്ട ഡല്‍ഹിക്കാര്‍ക്ക് വനിതാനേതൃത്വം പുത്തരിയല്ല.

MORE IN INDIA
SHOW MORE