തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ കോടതി കയറണം; ബി.ജെ.പി നല്‍കിയ കേസില്‍ സമന്‍സ്

SHARE
RAHUL-GANDHI

ബി.ജെ.പി നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതിയുടെ സമന്‍സ്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സര്‍ക്കാറിനെതിരെ നടത്തിയ ‘40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍’ പ്രചാരണത്തിന്‍റെ ഭാഗമായി പാര്‍ട്ടി നല്‍കിയ മാനനഷ്ടകേസിലാണ് നടപടി. 

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഏപ്രില്‍ 29 നും രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിനുമാണ് കോടതിയില്‍ ഹാജരാകേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിരക്കുകാരണം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജൂണ്‍ ഒന്നിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലും നേതാക്കള്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു. 

സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന ബി.ജെ.പി സര്‍ക്കാര്‍ 1.50 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. കേശവപ്രസാദ് നല്‍കിയ പരാതിയിലാണ് കേസ്. ബി.ജെ.പിയുടെ സല്‍പേര് കളങ്കപ്പെടുത്തിയെന്നായിരുന്നു പരാതി. 

സംസ്ഥാന കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ബി.െജ.പി സര്‍ക്കാറിന്‍റെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. കൈക്കൂലിയെ തുടര്‍ന്ന് ചിലവ് സഹിക്കാനാക്കാതെ കരാറുകാരന്‍ ആത്മഹത്യ ചെയ്തതും കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയിരുന്നു.

MORE IN INDIA
SHOW MORE