14 വര്‍ഷത്തെ രാഷ്ട്രീയ വനവാസം അവസാനിപ്പിച്ചു; ബോളിവുഡ് താരം ഗോവിന്ദ ശിവസേനയില്‍

govinda-shiva-sena
SHARE

ബോളിവുഡ് താരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായിരുന്ന ഗോവിന്ദ, ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ ഗോവിന്ദ മല്‍സരിച്ചേക്കുമെന്നാണ് സൂചന. 2004ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മുംബൈ നോര്‍ത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദ, കാലാവധി പൂര്‍ത്തിയാക്കും മുന്‍പേ സജീവ രാഷ്ട്രീയം വിട്ടിരുന്നു.

അഞ്ച് തവണ എം.പിയായിരുന്ന ബി.െജ.പി നേതാവ് റാം നായികിനെയാണ് 2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗോവിന്ദ തോല്‍പ്പിച്ചത്. ബി.ജെ.പി ശക്തി കേന്ദ്രമായ നോര്‍ത്ത് മുംബൈയില്‍ നിന്നുള്ള അട്ടിമറി രാഷ്ട്രീയ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച താരം രാഷ്ട്രീയം വിടുകയായിരുന്നു.  '14 വര്‍ഷം നീണ്ട വനവാസത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നത്. ഈയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല' ഗോവിന്ദ പറഞ്ഞു. 

ഇന്ത്യ സഖ്യത്തില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മല്‍സരിക്കുന്ന മണ്ഡലത്തില്‍ അമോല്‍ കിര്‍ത്തികാറാണ് സ്ഥാനാര്‍ഥി. 2019 ല്‍ ശിവസേന സ്ഥാനാര്‍ഥിയായ വിജയിച്ച ഗജാനന്‍ കിര്‍ത്തികാറിന്‍റെ മകനാണ് അമോല്‍. നിലവില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിനൊപ്പമാണ് ഗജാനന്‍. അതേസമയം മണ്ഡലത്തിലെ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥി അമോലിന് സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ അഴിമതി കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

MORE IN INDIA
SHOW MORE