'അവളെ ഞാന്‍ ഉറക്കി'; ഭാര്യയെ കൊലപ്പെടുത്തി അമ്മയ്ക്ക് വിഡിയോകോള്‍

കാനഡയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി. പഞ്ചാബിൽ നിന്നുള്ള ജഗ്പ്രീത് സിങ്ങിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.   ജഗ്പ്രീത് സിങ്ങിന്‍റെ ഭാര്യ  ബൽവീന്ദർ കൗറിനെ ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡിലെ വീട്ടില്‍ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഭർത്താവ് ജഗ്പ്രീത് സിങിനെ അറസ്റ്റ് ചെയ്തത്. 

മാർച്ച് 15ന് വൈകിട്ടാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്‌പ്രീത് സിങ് ലുധിയാനയിലുള്ള ഭാര്യയുടെ അമ്മയ്ക്ക് വിഡിയോ കോൾ ചെയ്യുകയും ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. സംഭവത്തിന് ഒരാഴ്ച മുൻപാണ് കാനഡയിൽ കുടുംബത്തോടൊപ്പം ജഗ്‌പ്രീത് എത്തിയത്. ജഗ്‌പ്രീത് തൊഴിൽ രഹിതനായതിനാൽ ദമ്പതികൾ തമ്മിൽ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തർക്കം പതിവായിരുന്നു. 2000ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്.