സംസ്ഥാന കമ്മിറ്റിയില്‍ ഒരാളും പിന്തുണച്ചില്ല; ഡി. രാജയുടെ ലോക്സഭാ സീറ്റ് ശ്രമം പാളി

തമിഴ്നാട് നാഗപട്ടണം സീറ്റിലൂടെ ലോക്സഭയിൽ എത്താനുള്ള സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ശ്രമം പാളി. രാജയുടെ സ്ഥാനാർത്ഥിത്വത്തെ സംസ്ഥാന കമ്മിറ്റിയിൽ ഒരാൾ പോലും പിന്തുണച്ചില്ല. പകരം തിരുവാരൂർ ജില്ലാ സെക്രട്ടറി വൈ.സെൽവരാജിനാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. ആനി രാജ സ്ഥാനാർത്ഥിയായിരിക്കെ, ഡി.രാജയും സ്ഥാനാർത്ഥിത്വത്തിന് ശ്രമിച്ചതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയാണ് ഉയരുന്നത്.

2019ൽ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച തിരുപ്പൂരും, നാഗപട്ടണവുമാണ് ഈ തവണയും സി.പി.ഐക്ക് അനുവദിച്ചത്. ഇതിൽ പാർട്ടിയുടെ ശക്തി കേന്ദ്രമായ നാഗപട്ടണത്തിലാണ് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ കണ്ണുവെച്ചത്. ജില്ലാ കമ്മറ്റിയിൽ നിന്നും പേര് എത്തിയതോടെ പരിഗണിക്കേണ്ടല്ലോയെന്ന് ഡി.രാജയോട് സംസ്ഥാന ഘടകം ചോദിച്ചിരുന്നു. നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് തൻറെ പേരും പരിഗണിക്കണമെന്ന് രാജ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജയുടെ സ്ഥാനാർത്ഥിത്വത്തെ സംസ്ഥാന കമ്മിറ്റിയിൽ ഒരാൾ പോലും പിന്തുണച്ചില്ല. 

പകരം തിരുവാരൂർ ജില്ലാ സെക്രട്ടറി വൈ.സെൽവരാജിനെയാണ് തിരഞ്ഞെടുത്തത്. കാവേരി - ഡെൽറ്റ മേഖലയിൽ കർഷക വിഷയങ്ങളിൽ ഇടപെടുന്ന സെൽവരാജിന് വോട്ട് ശതമാനം ഉയർത്താനാകുമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷണം. ഇതോടെയാണ് ഏഴു തവണ സി.പി.ഐ സ്ഥാനാർത്ഥികളെ വിജയിച്ച നാഗപട്ടണത്തിനായുള്ള രാജയുടെ സീറ്റ് മോഹം പൊലിഞ്ഞത്. പേര് പരിഗണിച്ചെങ്കിലും, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഡി.രാജ പ്രതികരിച്ചു. 

അതിനിടെ തിരുപ്പൂരിൽ സിറ്റിംങ് എം.പി കെ.സുബ്ബരായനെ തന്നെയാണ് സ്ഥാനാർത്ഥിയായി പാർട്ടി തിരഞ്ഞെടുത്തത്. ആനി രാജയ്ക്ക് വയനാട്ടിൽ സീറ്റ് നൽകിയിരിക്കെ,  ഡി.രാജയും സീറ്റിനായി ആവശ്യം ഉന്നയിച്ചതിൽ കടുത്ത അതൃപ്തിയാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ജില്ലാ ഘടകത്തിൽ നിന്നും എങ്ങനെ ജനറൽ സെക്രട്ടറിയുടെ പേരെത്തിയത് എന്നതും പരിശോധിക്കുന്നുണ്ട്.

D Raja not set support to contest in loksabha