അഹമ്മദ് നഗറിനെ അഹില്യാ നഗറാക്കി മഹാരാഷ്ട്ര; വീണ്ടും പേരുമാറ്റം

image credit: indiarailinfo.com

അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹില്യാ നഗര്‍ എന്നാക്കിയുള്ള പേരുമാറ്റത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ പേര് മാറ്റുമെന്ന് പ്രഖ്യാപിക്കുന്നതിനിടെയാണ് അഹമ്മദ് നഗറിന്‍റെയും പുനര്‍നാമകരണം മന്ത്രിസഭ പ്രഖ്യാപിക്കുന്നത്. ജമ്മു കശ്മീരില്‍ മഹാരാഷ്ട്രാ ഭവന്‍ പണിയാന്‍ ശ്രീനഗറില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനം മെയിലാണ് അഹമ്മദ് നഗറിന്‍റെ പേരുമാറ്റാനുള്ള നിര്‍ദേശം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മുന്നോട്ടുവയ്ക്കുന്നത്. 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാറാണി അഹില്യാഭായ് ഹോല്‍കറിന്‍റെ 298ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായാണ് അഹമ്മദ് നഗറിന്‍റെ പേര് അഹില്യാ നഗറാക്കി മാറ്റുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ തന്നെ ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേര് ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ മാറ്റിയതിന് ശേഷമുള്ള ബിജെപിയുടെ നിരന്തര ആവശ്യങ്ങളില്‍ ഒന്നായിരുന്നു അഹമ്മദ് നഗറിന്‍റെ പേരുമാറ്റം. ഒപ്പം മഹാരാഷ്ട്രയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ പേരും മാറും.

ഇതോടെ കറി റോഡിന്‍റെ പേര് ലാൽബാഗ് എന്നും സാൻഡ്‌ഹർസ്റ്റ് റോഡ് ഇനി ഡോംഗ്രി എന്നും മറൈൻ ലൈന്‍ മുംബാദേവി എന്നും പുനർനാമകരണം ചെയ്യും. കോട്ടൺ ഗ്രീൻ സ്റ്റേഷന്‍റെ പേര് കാലാചൗക്കിയെന്നാക്കി മാറ്റും. ചാർണി റോഡ്, ഗിർഗാവ് എന്നും ഡോക്ക്യാർഡ് റോഡ്, മസ്ഗാവ് എന്നും, കിംഗ് സർക്കിള്‍ തീർത്ഥകർ പാർശിവനാഥ് എന്നിങ്ങനെയും മാറും. മുംബൈ സെൻട്രൽ സ്റ്റേഷന്‍റെ പേര് നാനാ ജഗന്നാഥ് ശങ്കർഷേത്ത് സ്‌റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്.

Maharashtra Cabinet announced its decision to rename Ahmednagar district as Ahilya Nagar