‘എന്നെ പാസാക്കണം; ഇല്ലെങ്കില്‍ കല്യാണം നടത്തും’; ഉത്തരപേപ്പറില്‍ കുറിപ്പ്; വൈറല്‍

പരീക്ഷയുടെ ഉത്തരകടലാസുകളില്‍ ഉത്തരമല്ലാതെ പലതും എഴുതിവയ്ക്കുന്ന ചില വിരുതരുണ്ട്. കവിത മുതല്‍ സങ്കടം വരെ എഴുതി വയ്ക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു പത്താം ക്ലാസ് ഉത്തരക്കടലാസാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഗതി തമാശയല്ല കുറച്ച് സീരിയസ് ആണെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം.

പത്താം ക്ലാസ് ബിഹാര്‍ ബോര്‍ഡ് എക്സാമിന്‍റെ ഉത്തരപേപ്പറാണ് വൈറലാകുന്നത്. തന്നെ പരീക്ഷയില്‍ ജയിപ്പിക്കണമെന്നും ഇല്ലെങ്കില്‍ തന്‍റെ പിതാവ് തന്നെ കല്യാണം കഴിപ്പിച്ച് വിടുമെന്നാണ് അപേക്ഷ.

തന്‍റെ പിതാവ് ഒരു കര്‍ഷകനാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസം താങ്ങാനുള്ള ശേഷി തങ്ങളുടെ കുടുംബത്തിനില്ല എന്നും കുറിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ കുടുംബത്തിന് തങ്ങളെ പഠിപ്പിക്കാന്‍ താല്‍പര്യമില്ല, നല്ല മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍ പഠനം തുടരാന്‍ അനുവദിക്കില്ലെന്നും തന്നെ കല്യാണം കഴിപ്പിച്ച് വിടുമെന്നുമാണ് കുറിപ്പ്. താന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണെന്നും തന്‍റെ അഭിമാനം രക്ഷിക്കണമെന്നുമാണ് അപേക്ഷ.

എന്നാല്‍ ഇത്തരത്തില്‍ കുട്ടികള്‍ കവിതകളും അപേക്ഷകളും തുടങ്ങി പ്രാര്‍ഥനകള്‍ വരെ എഴുതാറുണ്ട് എന്നാണ് അധ്യാപകര്‍ പറയുന്നത്. ഇത്തരത്തിലുള്ള അപേക്ഷകളില്‍ തങ്ങള്‍ക്ക് ഒന്നും െചയ്യാനില്ലെന്നും അപേക്ഷ എഴുതി എന്നതുകൊണ്ടു മാത്രം വിദ്യാര്‍ഥികളെ വിജയിപ്പിച്ച് വിടാന്‍ സാധിക്കില്ലെന്നുമാണ് ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന അധ്യാപകര്‍ പറഞ്ഞതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം അപേക്ഷകള്‍ക്ക് പൂജ്യം മാര്‍ക്ക് കൊടുക്കുകയേ നിവൃത്തിയുള്ളൂ എന്നും അധ്യാപകര്‍ പറയുന്നു.

2024 ഫെബ്രുവരി 15 മുതല്‍ 23 വരെയായിരുന്നു ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷകള്‍ നടത്തിയത്. തിയറി പേപ്പറുകളില്‍ 30 ശതമാനം മാര്‍ക്കും പ്രായോഗിക പരീക്ഷകളിൽ മൊത്തത്തിലുള്ള മാർക്കിന്‍റെ 40 ശതമാനവുമാണ് വിജയിക്കുവാനുള്ള ബിഎസ്ഇബിയുടെ മാനദണ്ഡം.

Student wrote a request in Class 10 answer sheet to help her pass exam otherwise her father would get her married