വിട്ടുവീഴ്ചകള്‍ ‘ഇന്ത്യ’യുടെ കരുത്ത്; കൂട്ടുമ്പോള്‍; മോദിക്ക് പോരാട്ടം കടുക്കും?

india-alliance-845-440
SHARE

തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായിനിന്ന് ബിജെപിയെ മുട്ടുകുത്തിക്കുമെന്നു പ്രഖ്യാപിച്ചാണ് സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിപക്ഷ മുന്നണികളിലൊന്നായ  ഇന്ത്യ പിറവി കൊണ്ടത്. പ്രതീക്ഷിച്ച പോലെ കുതിപ്പല്ല പിന്നാലെ കണ്ടത്. പല മട്ടിലുള്ള പ്രതിസന്ധികളും പ്രഹരങ്ങളുമാണ് മുന്നണിയെ കാത്തുനിന്നത്. ബിജെപിയുടെ ഇഡി രാഷ്ട്രീയമടക്കം മുന്നണിയുടെ വഴിയിലെ മുള്ളുകളായി. ഇപ്പോള് പക്ഷേ, തിരക്കഥയുടെ പോക്ക് ആ വഴിക്കല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അരികിലേക്ക് എത്തുമ്പോള് ഇന്ത്യാ ക്യാമ്പില് കാര്യങ്ങള് ഒട്ടൊക്കെ ശുഭമാണ്. ഐക്യത്തിന്റെ തീരത്ത്, പുതിയ സഖ്യങ്ങള് പിറക്കുന്നു. പുതിയ ചര്ച്ചകള്ക്ക് തട്ടൊരുങ്ങുന്നു. പലവഴി പിരിഞ്ഞെന്ന് ഉറപ്പിച്ചിടത്തുനിന്ന് ഇന്ത്യ അവസാന പോരാട്ടത്തിനായി കരുത്ത് നേടുന്നു.

ആഘോഷത്തോടെ ആനയിക്കപ്പെട്ട നിതീഷ് കുമാര് മോദി ക്യാംപിലേക്ക് തന്നെ മടങ്ങിയത് ഇന്ത്യാമുന്നണിക്ക് കനത്ത ആഘോതമായിരുന്നു. പക്ഷേ ഇപ്പോള് അതേ ബിഹാറിന്റെ മണ്ണില് ലക്ഷങ്ങളെ അണിനിരത്തിയ ജനവിശ്വാസ് മഹാറാലി പ്രതിപക്ഷ നിരയുടെ പോരാട്ടങ്ങള്ക്ക് പുതിയ ഊര്ജ്ജം സമ്മാനിക്കുകയാണ്.

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പില് ബിജെപി പയറ്റിയ ജനാധിപത്യവിരുദ്ധ കളി പൊളിഞ്ഞതും അവിടെ ലഭിച്ച വിജയവും മുന്നണിയുടെ മുന്നോട്ടുപോക്കിന് വലിയ ഉണര്വ്വ് നല്കിയതും ഈയടുത്താണ്. സീറ്റുവിഭജനചര്ച്ചകള്ക്ക് അത് വേഗം കൂട്ടി. വര്ഷങ്ങളായി ഇടഞ്ഞുനിന്ന അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയും അരവിന്ദ് കേജ്രിവാളിന്റെ  ആം ആദ്മി പാർട്ടിയും അടക്കമുള്ളവർ കോൺഗ്രസുമായി കൈകോർത്തതോടെ മുന്നണിയുടെ ഐക്യത്തിന് ബലംകൂടി.  ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 മുതല് 450 വരെ സീറ്റുകളില് പൊതുസ്ഥാനാർഥിയെ നിർത്താനുള്ള നീക്കവുമായി ‘ഇന്ത്യ’ മുന്നണി മുന്നോട്ട് തന്നെ നടക്കുകയാണ്.

രാജ്യ തലസ്ഥാനത്തെ സീറ്റ് വിഭജനം വിജയകരമായി പൂര്ത്തിയാക്കിയതാണ് ഒരര്ത്ഥത്തില് വഴിത്തിരിവായത്.  ആകെയുള്ള 7 സീറ്റില് നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്ഗ്രസും മത്സരിക്കുമെന്നാണു ധാരണ. കഴിഞ്ഞ തവണത്തെ കണക്കുകള് മുന്നണിയുടെ പേടി സ്വപ്നമാണ്. 2019ല് ഡൽഹിയിൽ ബിജെപി 56% വോട്ടാണ്  നേടിയത്. കോൺഗ്രസാകട്ടെ 22%വും ആം ആദ്മി 18 % വോട്ടും മാത്രമാണ് നേടിയിരുന്നത്. പക്ഷേ ഒരുമിച്ചുനില്ക്കുമ്പോള് പിറക്കുന്ന മാജിക്കില് പ്രതീക്ഷ കാണുകയാണ് ഡല്ഹി ഭരിക്കുന്ന എഎപിയും ഒരുപാടുകാലം ഡല്ഹി ഭരിച്ച കോണ്ഗ്രസും.   ഡല്ഹിയെ കൂടാതെ, ഗുജറാത്ത്, ഹരിയാന, ഗോവ എന്നിവിടങ്ങളിലും ഇരുകൂട്ടരും വലിയ വലിയ വിട്ടുവീഴ്ചകള് ചെയ്ത് ഒരുമിച്ചുകഴിഞ്ഞു.

ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളില്  24 ഇടത്തും കോൺഗ്രസ് മത്സരിക്കും, ബറൂച്ച്, ഭാവ്നഗർ മണ്ഡലങ്ങളിൽ എഎപി സ്ഥാനാർത്ഥികളെ നിർത്തും. ഹരിയാനയിലെ 10 സീറ്റുകളില് കോൺഗ്രസ് 9 ഇടത്ത് മത്സരിക്കും, കുരുക്ഷേത്ര മണ്ഡലം എഎപിക്ക് വിട്ടുകൊടുക്കും. ഗോവയിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് തന്നെ മത്സരിക്കും. ഈ പറഞ്ഞ സംസ്ഥാനങ്ങളില് എല്ലാം ഐക്യത്തോടെ സീറ്റ് വിഭജനം പൂര്ത്തിയാക്കിയ  കോണ്ഗ്രസും എഎപിയും  പക്ഷെ പഞ്ചാബില് ധാരണയില് എത്തിയില്ല.  രണ്ടുകൂട്ടരുടെയും ശക്തി തിരിച്ചറിഞ്ഞ് ആകെയുള്ള 13 സീറ്റിലും  സൗഹൃദമല്സരത്തിലാണ് ഇവിടെ.

രാജ്യത്തിന്റെ വിധി നിര്ണയിക്കുന്ന യുപിയിലേക്ക് നോക്കാം ഇനി. ഏറ്റവുമധികം ലോക്സഭാ സീറ്റുള്ള ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായി കൈകോർത്തതോടെ ബിജെപിയുടെ തേരോട്ടത്തിനു തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ മുന്നണി.  സംസ്ഥാനത്ത് ബിജെപി വൻ ശക്തിയാണെങ്കിലും ഒത്തുപിടിച്ചാൽ അവരുടെ സീറ്റെണ്ണം പരമാവധി കുറയ്ക്കാമെന്നാണു പ്രതിപക്ഷ സഖ്യത്തിന്റെ കണക്കുകൂട്ടൽ. 2014ൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 71 എണ്ണവും ബിജെപി നേടിയതാണ് ചരിത്രം. 2019ലെ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിച്ചെങ്കിലും ബിജെപിയുടെ സീറ്റെണ്ണം കുറഞ്ഞു. 62 സീറ്റിലാണ് ബിജെപി ജയിച്ചത്. സമാജ്വാദി പാർട്ടി 5 സീറ്റിലും മായാവതിയുടെ ബിഎസ്പി 10 സീറ്റിലും ജയിച്ചു. സോണിയാ ഗാന്ധിയുടെ റായ്ബറേലിയിൽ മാത്രമാണ് അന്ന് കോൺഗ്രസിനു ജയിക്കാനായത്. ഇത്തവണ ആകെയുള്ള 80 സീറ്റിൽ അമേഠി, റായ്ബറേലി അടക്കം 17 എണ്ണം നൽകാമെന്ന അഖിലേഷ് യാദവിന്റെ വാഗ്ദാനം കോൺഗ്രസ് അംഗീകരിച്ചു. എസ്.പി അറുപതിലേറെ സീറ്റിൽ മത്സരിക്കും. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്ഥി വരും.

മഹാറാലിക്കായി ഗാന്ധി മൈതാനം നിറഞ്ഞുകവിഞ്ഞെതിന്റെ ആവേശത്തിലാണ് ബിഹാറിലെ പ്രതിപക്ഷ നിര. മുൻ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് സംസ്ഥാനത്തുടനീളം നടത്തിയ യാത്രയിൽ നിന്നും ഊർജമുൾക്കൊണ്ട്, എൻഡിഎയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യാ മുന്നണി. 2019 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 39 ഉം എൻഡിഎ നേടി. കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചപ്പോൾ ആർജെഡി പൂജ്യത്തിലൊതുങ്ങി. ആഞ്ഞുപിടിച്ചാൽ ഇക്കുറി സംസ്ഥാനത്ത് 15– 20 സീറ്റ് വരെ നേടാമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.  40 സീറ്റിൽ ആർജെഡി – 28 ഉം, കോൺഗ്രസ്– 8 ഉം, സിപിഐ എംഎൽ– 2 ഉം, സിപിഐയും സിപിഎമ്മും 1 വീതം എന്ന നിലയിലാണു ചർച്ച പുരോഗമിക്കുന്നത്. സമീപകാല തിരഞ്ഞെടുപ്പുകാലത്തെല്ലാം ജയിലിലായിരുന്ന ലാലുപ്രസാദ് യാദവ് ഇക്കുറി പുറത്തുള്ളത് അണികള്ക്ക് ആവേശമാകും എന്നൊരു പ്രതീക്ഷയും നേതാക്കള് പങ്കിടുന്നു.

ബംഗാളിൽ തൃണമൂലുമായി സഖ്യമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞില്ലെങ്കിലും, അവിടെയും പ്രതീക്ഷ പൂര്ണമായും കൈവിടാനായിട്ടില്ല. സംസ്ഥാനത്തുടനീളം ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ല. പാർട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്നും എല്ലായിടത്തും സ്ഥാനാർഥികളെ നിർത്തി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടവരുത്തരുതെന്നുമാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഇത് നടപ്പായാൽ ആകെയുള്ള 42ൽ മത്സരിക്കുന്നത് കോണ്ഗ്രസ് മല്സരിക്കുന്നത് പത്തോ പന്ത്രണ്ടോ സീറ്റില് മാത്രമാകും. എന്നാൽ, ഇടതുപക്ഷവുമായി ചേർന്നു സംസ്ഥാനത്തുടനീളം മത്സരിക്കണമെന്നാണു സംസ്ഥാന ഘടകത്തിന്റെ ആവശ്യം. മഹാരാഷ്ട്രയിലെ മഹാസഖ്യവും സീറ്റുവിഭജനത്തിന്റെ അന്തിമചര്ച്ചകളിലാണ്. അവിടെ നിന്നും പ്രതിപക്ഷ മുന്നണി ശുഭവാര്ത്ത തന്നെ പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീരിലും രാജസ്ഥാനും മധ്യപ്രദേശുമടക്കം മറ്റിടങ്ങളിലും ചര്ച്ചകള് മുന്നോട്ടുതന്നെ.

ഏതായാലും ശിഥിലമായെന്ന് തോന്നിയിടത്തല്ല ഇപ്പോള് ഇന്ത്യാമുന്നണി എന്നുറപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആകുന്നതോടെ കൂടുതല് കരുത്തോടെ, മുന്നേറാമെന്ന കണക്കുകൂട്ടലാണ് അണിയറയില്. കേരളവും കര്ണാടകയും തമിഴ്നാടുമൊക്കെ പ്രതീക്ഷിച്ച പോലെ ഒപ്പം നില്ക്കുമെന്ന് ഉറപ്പിക്കുന്നു മുന്നണി. തെലങ്കാനയിലും പ്രതീക്ഷ ഉയരെയാണ്. ഇടക്കാലത്ത് രാജ്യത്ത് തിളച്ച കര്ഷകരോഷമടക്കം വോട്ടായാല് മുന്നണി മുന്നോട്ടായും.

തീര്ത്തുപറയാനും പോരാട്ടചിത്രം തെളിയാനും ഇനിയും ആഴ്തചകള് വേണം. ഒന്നുറപ്പാണ്. ഇക്കുറി മല്സരമുണ്ടെന്ന് ബിജെപിയും തീര്ച്ചപ്പെടുത്തിയിട്ടുണ്ട്. ഈസി വാക്കോവറെന്ന ലളിതചിത്രമല്ല തെളിഞ്ഞുവരുന്നത് എന്ന് ഇന്ത്യാമുന്നണിയുടെ പുതിയ മുന്നോട്ടുപോക്ക് വിളിച്ചുപറയുന്നു. ബാക്കിയെല്ലാം വരുംദിവസങ്ങളില്. കാത്തിരുന്ന് കാണാം.  

Seat Sharing in India Alliance

MORE IN INDIA
SHOW MORE