ഷാരൂഖ് സിനിമകളുടെ പേര് പോലും അറിയില്ല, യഥാര്‍ത്ഥ നായകന്‍ മോദിജി: സമീര്‍ വാങ്കഡെ

Shah-Rukh-Sameer
SHARE

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്​തതിലൂടെ രാജ്യമെങ്ങും പ്രസിദ്ധനായ എന്‍സിബി ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. 2021 ഒക്ടോബറിലാണ് ആര്യനുള്‍പ്പെടുന്ന സംഘത്തെ കോര്‍ഡീലിയ എന്ന ആഡംബര കപ്പലില്‍ നിന്നും സമീര്‍ വാങ്കഡെ അറസ്റ്റ് ചെയ്യുന്നത്. തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ പിന്നീട് ജയില്‍ മോചിതനായിരുന്നു. ഷാരൂഖിനോട് പണം ആവശ്യപ്പെട്ടു എന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അന്വേഷണം നേരിടുകയാണ് നിലവില്‍ സമീര്‍ വാങ്കഡെ. 

ആര്യന്‍റെ ഖാന്‍റേത് താന്‍ കൈകാര്യം ചെയ്തതില്‍ വച്ച് ചെറിയ കേസായിരുന്നുവെന്ന് പറയുകയാണ് സമീര്‍ വാങ്കഡെ. ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും കുറ്റബോധമില്ലെന്നും വേണമെങ്കില്‍ ഇതൊക്കെ ഇനിയും ചെയ്യുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സമീര്‍ പറഞ്ഞു. ഇത് ഷാരൂഖിനുള്ള താക്കീതാണോ എന്ന ചോദ്യത്തിന് താക്കീത് ചെയ്യാന്‍ താനാരാണെന്നാണ് സമീര്‍ ചോദിച്ചത്. ഞാനൊരു ചെറിയ മനുഷ്യനാണ്. നിങ്ങള്‍ പറഞ്ഞ ഈ വ്യക്തിയുടെ സിനിമകള്‍ പോലും ഞാനങ്ങനെ കണ്ടിട്ടില്ല, അതിന്‍റെയൊന്നും പേരുകള്‍ പോലും അറിയില്ലെന്നും സമീര്‍ പറഞ്ഞു. ഉടനെ ഷാരൂഖിന്‍റെ സ്റ്റാര്‍ഡം എന്താണെന്നറിയില്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ നായകന്മാരായ മോദിജി ഛത്രപതി ശിവജി മഹാരാജ് എന്നിവരെ പറ്റി ചോദിക്കൂ, താന്‍ പറയാം എന്നാണ് സമീര്‍ പ്രതികരിച്ചത്.  

ആര്യനെ ജയിലില്‍ ഇടരുത് എന്ന് ഷാരൂഖ് അപേക്ഷിച്ചു എന്ന തരത്തിലുള്ള ആരോപണത്തെ പറ്റി ചോദിച്ചപ്പോള്‍ അതിനെ പറ്റി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് സമീര്‍ പറഞ്ഞത്. ഇത്തരത്തിലുള്ള കേസുകളില്‍ മാതാപിതാക്കള്‍ തങ്ങളെ സമീപിക്കാറുണ്ടെന്നും അപ്പോള്‍ തങ്ങള്‍ക്കും സഹതാപമുണ്ടാവുമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. 

Sameer Wankhede talks about Aryan khan and Sharukh Khan

MORE IN INDIA
SHOW MORE