സില്‍ക്യാര തുരങ്കത്തിലെ രക്ഷകന് ശിക്ഷ; റാറ്റ് മൈനറുടെ വീട് ഇടിച്ചു നിരത്തി

dda
SHARE

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ രക്ഷകനായ മാറിയ റാറ്റ് മൈനര്‍ വക്കീല്‍ ഹസന്‍റെ ഡല്‍ഹിയിലെ വീട്  ഇടിച്ചുനിരത്തി ഡിഡിഎ. ഖജൂരി ഖാസിലെ വീടാണ് കയ്യേറ്റമാരോപിച്ച് പൊളിച്ചുനീക്കിയത്. പ്ലാസ്റ്റിക് ഷീറ്റിന്റെ മറവിലാണ് കുടുംബം നിലവില്‍ കഴിയുന്നത്.  നിങ്ങളുടെ  ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനമാണ്. എല്ലാ നന്മകളും നേരുന്നു. സില്‍ക്യാര ദൗത്യം വന്‍ വിജയമാപ്പോള്‍ റാറ്റ് മൈനര്‍മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ച വാക്കുകളാണിവ.

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച റാറ്റ് മൈനര്‍മാരില്‍ ഒരാളായ, വക്കീല്‍ ഹസന്‍റെ വീടാണ് ഇക്കാണുന്നത്. കിട്ടുന്ന ദിവസവേതനം കൊണ്ട് കെട്ടിയുണ്ടാക്കിയ വീടാണ് ഒരു മുന്നറിയിപ്പും നോട്ടിസും നല്‍കാതെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡല്‍ഹി ഡവലപ്‍മെന്‍റ് അതോറിറ്റി ഇടിച്ച് തകര്‍ത്തത്. കൈവശം എല്ലാ രേഖകളുമുണ്ടെന്ന് കേണ് പറഞ്ഞിട്ടും ഒന്ന് നോക്കാന്‍ പോലും ആരും തയാറായില്ല .

തണുപ്പ് വിട്ടുമാറിയിട്ടില്ല ഡല്‍ഹിയില്‍. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും ജീവന്‍ പണയംവച്ച് രക്ഷിച്ച വക്കീല്‍ ഹസന്‍, ഭാര്യ ഷബാന ഹസനെയും  പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ചേര്‍ത്ത് നിസ്സഹായനായി  നില്‍ക്കുന്നു. കയ്യേറ്റ ഭൂമിയിലാണ് വീടെന്നാണ് ഡിഡിഎയുടെ വാദം. വക്കീല്‍ ഹസന് നീതി തേടി പ്രതിഷേധം ശക്തമായതോടെ താല്‍ക്കാലിക സൗകര്യമെന്ന വാഗ്ദാനവുമായി ഡിഡിഎയും കേന്ദ്രപദ്ധതിയില്‍ വീട് ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ബിജെപിയും എത്തിയിട്ടുണ്ട്. 

DDA demolishes house of wakeel hassan in khajoori khas

MORE IN INDIA
SHOW MORE