സ്റ്റാലിന് 'ചൈനീസി'ല്‍ പിറന്നാള്‍ ആശംസിച്ച് ബിജെപി; ഒഴിയാതെ വിവാദം

ഐഎസ്ആര്‍ഒയുടെ പരസ്യത്തില്‍ ചൈനീസ് പതാകയുള്ള റോക്കറ്റ് ഇടംപിടിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തമിഴ്നാട്ടില്‍ അവസാനിക്കുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് മാന്‍ഡരിനില്‍ പിറന്നാള്‍ ആശംസിച്ചാണ് ബിജെപിയുടെ പരിഹാസം. എം.കെ. സ്റ്റാലിന് അദ്ദേഹത്തിന്‍റെ ഇഷ്ടഭാഷയില്‍ പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്ററില്‍ കുറിച്ചിരുന്നത്. 

കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ ഐഎസ്ആര്‍ഒ പരസ്യത്തില്‍ ചൈനീസ് പതാക ഇടംപിടിച്ചത്. പിഴവ് പ്രധാനമന്ത്രി തന്നെ പൊതുവേദിയില്‍ ചൂണ്ടിക്കാട്ടിയതോടെ തമിഴ്നാട് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 'ഡിഎംകെ പ്രവര്‍ത്തിക്കാത്തൊരു പാര്‍ട്ടിയാണെന്നും എന്നാല്‍ ക്രെഡിറ്റ് ഏറ്റെടുക്കുന്നതില്‍ മുന്നിലാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രത്തിന്‍റെ പദ്ധതികളില്‍ സ്വന്തം സ്റ്റിക്കര്‍ പതിക്കുന്ന ഡിഎംകെ ഇപ്പോള്‍ പരിധി കടന്നിരിക്കുകയാണ്. ഐഎസ്ആര്‍ഒ ലോഞ്ച്പാഡില്‍ ചൈനയുടെ സ്റ്റിക്കറാണ് പതിച്ചിരിക്കുന്നുവെന്നും മോദി രൂക്ഷമായി വിമര്‍ശിച്ചു.  ഈ നടപടിയിലൂടെ ഡിഎംകെ സര്‍ക്കാറും പാര്‍ട്ടിയും ഇന്ത്യന്‍ ശാസ്ത്രഞ്ജരെയും സ്പേസ് സെക്ടറിനെയും അപമാനിച്ചെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. 

സ്പേസ് സെക്ടറിലെ ഇന്ത്യയുടെ മുന്നേറ്റം അംഗീകരിക്കാന്‍ ഡിഎംകെയ്ക്ക് സാധിക്കില്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നല്‍കിയ പരസ്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സംവിധാനത്തിന്‍റെ ചിത്രം പോലുമില്ല. ഇന്ത്യയുടെ ബഹിരാകാശ വിജയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ തയ്യാറല്ലെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.പിന്നാലെ വിഷയം സംസ്ഥാന ബി.ജെ.പി.യും ഏറ്റെടുത്തു. പരസ്യം ഡിഎംകെയുടെ ചൈനയോടുള്ള പ്രതിബദ്ധത കാണിക്കുന്നതായി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍  കെ.അണ്ണാമലൈയും വിമര്‍ശഇച്ചു. 

എന്നാല്‍ പരസ്യത്തില്‍ പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കിയ മന്ത്രി അനിതാ രാധാകൃഷ്ണന്‍ അത് ഡിസൈന്‍ ചെയ്തവരുടെ പിഴവാണെന്നും പരസ്യം ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നുവെന്നും വിശദീകരിച്ചിരുന്നു

BJP mocked MK Stalin by wishing birthday in  Mandarin Chinese