'സിഎഎ' കാറില്‍ അമിത് ഷാ; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ: വൈറല്‍

amit-shah-caa
SHARE

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹന നമ്പര്‍. ഡിഎല്‍ 1 സിഎഎ 4421 (DL1 CAA  4421) എന്ന വാഹനത്തില്‍ അമിത് ഷാ ബി.ജെ.പി. ആസ്ഥാനത്തേക്ക് എത്തുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് വാഹന നമ്പറിനെ ചിലര്‍  ചര്‍ച്ചയാക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നോട്ടിഫൈ ചെയ്യുമെന്ന് കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് സിഎഎ നിയമം നടപ്പാക്കുമെന്നും ആര്‍ക്കും ഇതില്‍ സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍. മാര്‍ച്ച് രണ്ടാം വാരത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. 2019 ഡിസംബറില്‍ പാര്‍ലമെന്‍റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല.  പാര്‍ലമെന്‍റ് നിയമം പാസാക്കിയതിന് പിന്നാലെ പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നിരുന്നു. 

കേന്ദ്രം പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ പോകുമെന്ന് വ്യക്തമായതോടെ അസമില്‍ പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന 16 ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികള്‍ വ്യാഴാഴ്ച ഗവര്‍ണറെ കണ്ടു. അതേസമയം നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് സുപ്രീംകോടതിയില്‍ പോകാമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ പറ്റി മുസ്‌‌ലിം സഹോദരങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുകയാണ് സിഎഎ കൊണ്ട് ഉദ്യേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാന്‍ ഉദ്യേശിക്കുന്നില്ലെന്നും അമിത് ഷാ അന്ന് പറഞ്ഞു,.

amit shah travels in a car numbered CAA get viral on social media

MORE IN INDIA
SHOW MORE