ഉത്തരാഖണ്ഡ് ടണല്‍ ദുരന്തത്തിലെ രക്ഷകന്‍റെ വീടും പൊളിച്ചുനീക്കി: ‘നീതികേട്’

ഉത്തരാഖണ്ഡിലെ സില്‍കാര്യ ടണല്‍ അപകടത്തില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് 41 പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റാറ്റ് ഹോള്‍ മൈനേഴ്സ് സംഘത്തിലെ പ്രധാനിയായ വകീല്‍ ഹസന്‍റെ വീട് പൊളിച്ചുനീക്കി ഡല്‍ഹി ഡെവലപ്പ്മെന്‍റ് അതോറിറ്റി.

പ്രതിഫലം പോലും ആഗ്രഹിക്കാതെ രാജ്യത്തെ ഒരു വലിയ ദുരിതത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയ ഖനി തെളിലാളികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.  

വടക്കു കിഴക്കന്‍ ഡൽഹിയിലെ ഖജൂരി ഖാസ് ഗ്രാമത്തിലെ  ഏറ്റെടുത്ത ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ അറിയിച്ചത്.  എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഹസനും മറ്റ് പ്രദേശവാസികളും വ്യക്തമാക്കുന്നത്. 

''ഉത്തരാഖണ്ഡിലെ ടണലില്‍ നിന്ന് 41 ആളുകളുടെ ജീവന്‍ രക്ഷിച്ചതിന് എനിക്ക് ലഭിച്ച പ്രതിഫലമാണ്  തകര്‍ന്നുകിടക്കുന്ന ഞങ്ങളുടെ വീട്. ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്. അവര്‍ എന്നെയും എന്‍റെ മക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മ‍ര്‍ദിക്കുകയും ചെയ്തു'' എന്നാണ് ഹസന്‍ പറഞ്ഞത്. 

രക്ഷാപ്രവ‍ര്‍ത്തകരില്‍ ഒരാളായ മുന്ന ഖുറേഷി പറഞ്ഞത് തങ്ങള്‍ക്ക് വീടുകളില്‍ തന്നെ താമസം തുടരാനുള്ള പ്രത്യേക അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളുടെ വീട് തന്നെ പൊളിച്ച് നീക്കിയിരിക്കുന്നുവെന്നുമാണ്. 

അനധികൃതമായി നിര്‍മിച്ച് കെട്ടിടങ്ങളാണ് പൊളിച്ചതെന്നും ഇവ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിലെ എല്ലാ താമസക്കാര്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു എന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Uttarakhand Tunnel Rescue Hero's 'Illegal' House Demolished In Delhi