പതഞ്ജലി പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി

പതഞ്ജലി ആയുര്‍വേദയുടെ പരസ്യങ്ങള്‍ തടഞ്ഞ് സുപ്രീംകോടതി. ഇത് സംബന്ധിച്ച് പതഞ്ജലി മനേജിംങ് ഡയറക്ടര്‍ ഗുരു രാംദേവിന് കോടതി നോട്ടിസ് അയച്ചു. പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തെറ്റായ പരസ്യങ്ങള്‍ നല്‍കിയതിനാണ് നോട്ടിസ്. മരുന്ന് ഉല്‍പ്പന്നങ്ങള്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ പരസ്യം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പതഞ്ജലിയുടെ പരസ്യത്തിലൂടെ തെറ്റായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. യോഗയുടെ സഹായത്തോടെ ആസ്തമയും പ്രമേഹവും പൂര്‍ണമായി ഭേദമാക്കാം എന്നായിരുന്നു പരസ്യത്തിലെ സന്ദേശം. കോവിഡ് വാക്സിനേഷനെതിരെയും ഗുരു രാംദേവ് തെറ്റായ സന്ദേശം പ്രചരിപ്പിച്ചു എന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. 

തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ല എന്ന നിലപാടാണ് കോടതിയും വിഷയത്തില്‍ സ്വീകരിച്ചത്. വ്യജവും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ പതഞ്ജലി ആയുര്‍വേദ നിര്‍ത്തണമെന്നും, ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുകോടിയുടെ പിഴ ചുമത്തുമെന്നുമാണ് കോടതിയുടെ മുന്നറിയിപ്പ്. ഗുരു രാംദേവ് സമൂഹമാധ്യമങ്ങളിലൂടെയും അലോപതി ചികില്‍സയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിക്കുന്നു. കേസില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെ മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി.   

supreme court issues notice to patanjali over misleading adverstisement