വികലാംഗരെന്ന വ്യാജേന ഭിക്ഷാടനം; യുപിക്കാര്‍ ഒഡീഷയില്‍ അറസ്​റ്റില്‍

വികലാംഗരെന്ന വ്യാജേന ഭിക്ഷാടനം നടത്തിയ നാല് പേര്‍  ഒഡീഷയില്‍ അറസ്​റ്റില്‍. ഗഞ്ചം ജില്ലയിലെ ബെര്‍ഹാംപൂരില്‍ നിന്നാണ് യുപിക്കാരായ നാലു പേരെ അറസ്​റ്റ് ചെയ്​തത്. കേള്‍വിശക്തിയും നടക്കാനുള്ള ശേഷിയുമില്ലാത്തവര്‍ എന്ന വ്യാജേന വഴിയാത്രികരുടെ സഹതാപം പിടിച്ചുപറ്റിയാണ് നാലുപേരും ഭിക്ഷാടനം നടത്തിയിരുന്നത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്​റ്റിലായിരിക്കുന്നത്. കഴിഞ്ഞ ആറു മാസമായി നാല്‍വര്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നു. ഇത്തരത്തില്‍ ആളുകളെ കബളിപ്പിച്ച് 10000 രൂപ വരെ ദിവസേന ഒാരോരുത്തരും സമ്പാദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബൈദ്യനാദപൂരില്‍ വെച്ച് ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന രണ്ടുപേരെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യുകയും വികലാംഗരല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ നിന്നും മറ്റു രണ്ട് പേരെ ടാറ്റാ ബെന്‍സ് ഏരിയയില്‍ നിന്നും കണ്ടെത്തി. പകല്‍ സമയത്ത് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ രാത്രിയായാല്‍ എന്‍എച്ച്– 16ന് സമീപമാണ് കഴിച്ചുകൂട്ടിയിരുന്നത്. പ്രതികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. 

Four people were arrested for begging on the pretense of being disabled