ശരദ് പവാർ കോൺഗ്രസിൽ തിരിച്ചെത്തിയേക്കുമോ?; അഭ്യൂഹങ്ങള്‍ തള്ളാതെ നേതാക്കൾ

ദേശീയ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായി എൻസിപി സ്ഥാപക നേതാവ് ശരദ് പവാർ കോൺഗ്രസിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഈ അഭ്യൂഹങ്ങൾ തള്ളുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ബിജെപി ക്യാംപിലേക്കുളള കൂടുമാറ്റുന്ന ഘട്ടത്തിലാണ് പുതിയ രാഷ്ട്രീയ നിക്കങ്ങൾ സജീവമാക്കുന്നത്. 

വലിയ രാഷ്ട്രീയ കളംമാറ്റങ്ങൾക്ക് മഹാരാഷ്ട്ര ഒരുങ്ങുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ശരദ് പവാറിന്‍റെ പാർട്ടി വൈകാതെ കോൺഗ്രസിൽ ലയിക്കുമെന്നുള്ള പുണെയിലെ മുൻ എൻസിപി നേതാവ് മംഗൾദാസ് ബാൻഡലിൻന്‍റെ പ്രസ്താവന ചർച്ചകൾക്ക് തുടക്കമിട്ടു. കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് പവാറുമായി ആലോചനകൾ തുടങ്ങിയെന്നാണ് അഭ്യൂഹങ്ങൾ. പവാറിൻ്റെ സാന്നിധ്യത്തിൽ പുണെയിലെ വസതിയിൽ ചേർന്ന പാർട്ടി നേതൃയോഗം ഇതിന്‍റെ മുന്നോടിയാണെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു സുപ്രിയ സുളെയുടെ പ്രതികരണം. പാർട്ടി എന്ന നിലയിൽ മഹാവികാസ് അഘാഡിയിൽ തുടരുമെന്ന നിലപാടും അറിയിച്ചു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ അഭ്യൂഹങ്ങൾ പൂർണമായും തള്ളിക്കളയുന്നില്ല. '

കഴിഞ്ഞദിവസം സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രമേശ് ചെന്നിത്തല പവാറിനെ കണ്ടിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പവാറിനെ തിരികെ മാതൃസംഘടനയിൽ എത്തിച്ച് പ്രചാരണ മുഖമായി ഉയർത്തിക്കാട്ടിയാൽ ചിത്രം അപ്പാടെ മാറുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ബിജെപി ക്യാംപിലേക്കുള്ള നിരന്തരമായ കൂടുമാറ്റങ്ങളെ ഈ ഒറ്റ ആയുധം കൊണ്ട് നേരിടാമെന്നും കണക്ക്കൂട്ടലുണ്ട്. യഥാർഥ പാർട്ടിയായി അജിത് പവാർ പക്ഷത്തെ പ്രഖ്യാപിച്ചതിലൂടെ കനത്ത തിരിച്ചടി നേരിടുന്ന ശരദ് പവാർ മാറി ചിന്തിച്ചാൽ അത്ഭുതപ്പെടാനില്ല. പാർട്ടിയുടെ സ്ഥാപക നേതാവിൽ നിന്ന് പേരും ചിഹ്നവും തട്ടിയെടുത്തു എന്ന പൊതുവികാരം ഉയർത്താനാണ് പവാർ ക്യാംപ് ശ്രമിക്കുന്നത്. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉയർത്തി പാർട്ടി വിട്ട് എൻസിപി രൂപീകരിച്ച പവാർ കാൽ നൂറ്റാണ്ടിന് ശേഷം തിരിച്ചെത്തിയാൽ അത് വലിയൊരു രാഷ്ട്രീയ മടക്കയാത്ര കൂടിയാകും.