‘ഉദ്യോഗസ്ഥരുടെ മോചനത്തില്‍ ഷാരൂഖ് ഖാന്‍ ഇടപെട്ടു’; മോദിക്കെതിരെ സ്വാമി

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥരുടെ മോചനത്തില്‍ നടന്‍ ഷാരൂഖ് ഖാനും ഇടപെട്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോസ്റ്റ് ചേര്‍ത്താണ് സ്വാമിയുടെ എക്സ്‌വോളിലെ വാദം. മോദി ഖത്തറിലേക്ക് പോകുമ്പോള്‍ ഷാരൂഖ് ഖാനെയും കൂടെ കൂട്ടുന്നത് നല്ലതായിരിക്കുമെന്നാണ് സ്വാമി പറയുന്നത്. നാവികസേനാ ഉദ്യോഗസ്ഥരുടെ മോചനവിഷയത്തില്‍ ഖത്തറുമായുള്ള നയതന്ത്ര ഇടപെടലില്‍ എംഇഎയും എന്‍എസ്‌എയും പരാജയപ്പെട്ട സാഹചര്യത്തില്‍ മോദിയുടെ ആവശ്യപ്രകാരം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഇടപെട്ടെന്നും അങ്ങനെയാണ് ഒരു വന്‍തുകയുടെ സെറ്റില്‍മെന്റിന് ഖത്തര്‍ ഷെയ്ക്കുമാര്‍ തയ്യാറായതെന്നും പറയുന്നു സ്വാമി. 

അടുത്ത രണ്ടു ദിവസം യുഎഇ ഖത്തര്‍ എന്നിവിടങ്ങളിലേക്കായുള്ള സന്ദര്‍ശനം ആരംഭിക്കുകയാണെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാകുമെന്നും പ്രധാനമന്ത്രി സന്ദര്‍ശനത്തിനു മുന്നോടിയായി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. യുഎഇയിലെ ഹിന്ദുമന്ദിര്‍ ഉദ്ഘാടനത്തിനായി കൂടിയാണ് പ്രധാനമന്ത്രിയുടെ യാത്ര. അബുദബിയില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലും പങ്കെടുക്കും. രാജ്യതലവന്‍മാരുമായും പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടക്കും.

ഫെബ്രുവരി 11നാണ് ഖത്തര്‍ തടവിലായിരുന്ന 8 ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. പ്രധാനമന്ത്രി ദുബായില്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയശേഷമുള്ള സങ്കീര്‍ണമായ പിന്‍വാതില്‍ ചര്‍ച്ചകളും  വിവരക്കൈമാറ്റവും ഒത്തുതീര്‍പ്പ് ധാരണകളുമെല്ലാം കൈകാര്യം ചെയ്തതിനു പിന്നില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയിലാണ് കിംഗ് ഖാന്‍ ഇടപെട്ടെന്ന രീതിയില്‍ സുബ്രഹ്മണ്യം സ്വാമിയുടെ പോസ്റ്റ് പുറത്തുവരുന്നത്. 

PM Modi pleaded to Sharukh khan to intervene naval officers release,says Subhramanyam Swami