ഉപരാഷ്ട്രപതിയെ അനുകരിച്ച് എംപി, വിഡിയോ എടുത്ത് രാഹുല്‍; സസ്പെന്‍ഷന് കാരണം ഇതെന്ന് ബിജെപി

പാര്‍ലമെന്റ് എംപിമാരുടെ സസ്പെന്‍ഷന് കാരണം അവരുടെ പ്രവൃത്തികളെന്ന് ബിജെപി.  ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍കറിനെ അനുകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ വിഡിയോ ബിജെപി എക്സ് വോളില്‍ പങ്കുവെച്ചു. ഉപരാഷ്ട്രപതി സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും മുഖഭാവങ്ങളും ഉള്‍പ്പെടെയായിരുന്നു കല്യാണിന്റെ പ്രകടനം. ഈ പ്രകടനത്തിന്റെ വിഡിയോ  രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ചെയ്യുന്നതും ബിജെപി പങ്കുവെച്ച ദൃശ്യങ്ങളില്‍ കാണാം. എന്തുകൊണ്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു എന്ന ചോദ്യത്തിനു മറുപടിയാണിതെന്നും ബിജെപി പറയുന്നു. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ വിഡിയോ എടുക്കുന്നതും കല്യാണ്‍ ബാനര്‍ജിയുടെ പ്രകടനം കണ്ട് ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് സ്റ്റെപ്പിലാണ് എംപിമാര്‍ ഇരിക്കുന്നത്.  കല്യാണ്‍ ബാനര്‍ജി എഴുന്നേറ്റ് നിന്നാണ് ഉപരാഷ്ട്രപതിയെ പോലെ സംസാരിക്കുന്നത്. 141 എംപിമാരാണ് ഇതുവരെയും സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. ഇതിനു പിന്നാലെയാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. എംപിമാരുടെ സഭയിലെ പ്രതിഷേധത്തെയും തന്നെ മിമിക്രി കാണിച്ചതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ലജ്ജാകരവുമെന്നായിരുന്നു ജഗ്ദീപ് ദന്‍കര്‍ വിശേഷിപ്പിച്ചത്്.

പാര്‍ലമെന്റ് സുരക്ഷയില്‍ വന്ന വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വന്ന് പ്രസ്താവന നടത്തണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നും പ്രതിപക്ഷം പ്രതിഷേധിച്ചത്. 

Suspended trinamool congress MP Kalyan Banerjee mimicking vice president