ജെഎന്‍യുവില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം; ശക്തമായ പ്രതിഷേധത്തിന് വിദ്യാര്‍ഥി യൂണിയന്‍

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധങ്ങൾക്ക് കൂടുതൽ വിലക്ക്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്തോ അക്കാദമിക് ബ്ലോക്കിന്റെയോ 100 മീറ്റർ ചുറ്റളവിൽ പ്രതിഷേധിച്ചാൽ പിഴയോ പുറത്താക്കലോ ഉൾപ്പെടെ കർശന നടപടി. വലിയ പ്രതിഷേധം ഉയർത്തുമെന്ന് വിദ്യാർഥി യൂണിയൻ മുന്നറിയിപ്പ് നൽകി

മുൻകൂർ അനുമതിയില്ലാത്ത പ്രതിഷേധങ്ങൾക്കും നിയന്ത്രണങ്ങളുള്ള മേഖലയിലും പ്രതിഷേധിച്ചാൽ 20,000 രൂപവരെ പിഴ, രണ്ട് സെമസ്റ്റർവരെ പുറത്താക്കൽവരെയുള്ള നടപടികൾ. അനുമതിയില്ലാതെ ഫ്രഷേഴ്സ് ഡേ, ഡിജെ പാർട്ടികൾ എന്നിവ സംഘടിപ്പിച്ചാൽ 6,000 രൂപ വരെ പിഴ. രാജ്യവിരുദ്ധ മുദ്രാവാക്യത്തിന് കർശന വിലക്ക്. മതിലുകളിൽ പോസ്റ്റർ പതിപ്പിക്കുന്നതിനും വിലക്കുണ്ട്. സർവകലാശാലയുടെ സമാധാന അന്തരീക്ഷത്തിന് എന്ന് പറയുമ്പോൾ തന്നെയും അക്കാദമിക് ബ്ലോക്കുകൾക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾക്കും സമീപം പ്രതിഷേധത്തിന് നിരോധനം ഏർപ്പെടുത്തുമ്പോൾ,, വിദ്യാർഥി പ്രകടനങ്ങളും പ്രതിഷേധങ്ങളും എവിടെയാകും എന്ന ചോദ്യം ബാക്കിയാണ്. പുതിയ മാർഗരേഖ പുറത്തിറക്കിയതിന് പിന്നാലെ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് 10,000 രൂപ പിഴയും ചുമത്തി. പുതിയ നിയന്ത്രണങ്ങൾ അല്ലെന്നും 1969 മുതലുള്ള നിയമങ്ങളെന്നും സർവകലാശാലയുടെ വിശദീകരണം.

Protests curbed at JNU. Student union for strong protest