‘മിഷോങ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘മിഷോങ്’ ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശ്– തമിഴ്‌നാട്-പുതുച്ചേരി തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെത്തുകയും ചെന്നൈയ്ക്ക് സമീപം നെല്ലൂരിനും ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടുകയും ചെയ്യും. പരമാവധി 100 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുക. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീരദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. തമിഴ്നാട്ടിലെ ഏഴു ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപേട്ട്, വെല്ലൂർ, തെങ്കാശി എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ശനിയാഴ്ച രാത്രി മുതല്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ മഴ ആരംഭിച്ചിട്ടുണ്ട്. 

അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ 118 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Deep Depression over Southwest Bay of Bengal intensified into a cyclonic storm 'Michaung'