ശ്വാസം മുട്ടി ഡൽഹി; വായു നിലവാരം 504; ആശങ്ക

ശ്വാസം മുട്ടി ഡൽഹി . വായു നിലവാരം 504 ആയി. ദീപാവലി കഴിയുമ്പോഴേക്കും 700 കടക്കുമെന്ന് വിദഗ്ധർ. കായിക പരിപാടികളും തുറന്നായ ഇടങ്ങളിലെ സമ്മേളനങ്ങളും മാറ്റിവച്ചു. ആളുകൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നാണ് നിർദേശം. അതേ സമയം മലിനീകരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദം തുടരുകയാണ്.

ശുദ്ധ വായുവിനായി ഡൽഹി ജനത നെട്ടോട്ടമോടേണ്ട അവസ്ഥ. കുട്ടികളിലാണ് ഏറെ ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകുന്നത്. ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്.

പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങുകയാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നുമാണ് സർക്കാർ നിർദേശം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കുറയ്ക്കുന്നതിനുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. വിദ്യാലയങ്ങൾ കൂടുതൽ ദിവസം അടച്ചിടേണ്ടി വന്നേക്കും. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കാൻ അയൽ സംസ്ഥാനങ്ങളോടും ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ കാറുകൾ ഡൽഹിയിലേക്ക് വരുന്നത് തടയാൻ യുപി സർക്കാരിനോടും ആവശ്യപ്പെടും. ഇതിനിടെ സ്മോഗ് ടവറുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള രാഷ്ട്രീയ വാഗ്വാദം തുടരുകയാണ്.സ്മോഗ് ടവർ അടച്ചുപൂട്ടിയ ഡിപിസിസി ചെയർമാനെതിരെ നടപടിയെടുക്കാൻ ലഫ്. ഗവർണറോട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആവശ്യപ്പെട്ടു.

ഡൽഹി ശ്വാസം മുട്ടുമ്പോൾ ഗവർണർ വിളിച്ച അടിയന്തരയോഗത്തിൽ പോലും പങ്കെടുക്കാകാതെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് കെജ് രിവാൾ എന്നും ഇത്രയും വർഷമായി മലിനീകരണം തടയാനാകാത്ത എഎപി സർക്കാർ പൂർണ പരാജയമാണെന്നും ബി ജെ പി തിരിച്ചടിച്ചു.

Delhi air pollution