'അനാഥ'രായി 52 പേര്‍; ഏറ്റെടുക്കാനാരുമെത്തിയില്ല; ബാലസോര്‍ നോവോര്‍മ

ഫയല്‍ ചിത്രം

രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം ഒരു മാസം പിന്നിടുമ്പോഴും ഏറ്റെടുക്കാന്‍ ആളില്ലാതെ അനാഥരായി അന്‍പതിലേറെ മൃതദേഹങ്ങള്‍ ശേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 293 പേരാണ് ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചത്. പാളം തെറ്റി മറിഞ്ഞ കോച്ചുകളിലേക്ക് മറ്റൊരു ട്രെയിന്‍ വന്നിടിച്ച് കയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടത്തിന് ദിവസങ്ങള്‍ക്ക് ശേഷം ട്രാക്ക് പുനഃസ്ഥാപിച്ച് ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും പലര്‍ക്കും ഉറ്റവരുടെ മൃതശരീരം പോലും തിരികെ കിട്ടിയിട്ടില്ല. ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റ അപകടം ഈ നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ്. 

അതിശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ് 52 മൃതദേഹങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. പലതും തിരിച്ചറിയാവുന്ന വിധത്തിലല്ലെന്നത് ബന്ധുക്കളെ കുഴയ്ക്കുന്നുണ്ട്. തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചുവെങ്കിലും എന്ന് ഫലം വരുമെന്ന കാര്യത്തില്‍ അധികൃതര്‍ കൈ മലര്‍ത്തുകയാണെന്ന് ഉറ്റവരെ നഷ്ടമായവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച വന്ന ഡിഎന്‍എ ഫലം അനുസരിച്ച് 29 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളെത്തി ഏറ്റുവാങ്ങിയിരുന്നു. 

പിഴവുകളില്ലാതെ ഉറ്റവര്‍ക്ക് മൃതദേഹം വിട്ടുനല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ അക്ഷീണ പരിശ്രമത്തിലാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ചീഫ് പിആര്‍ഒ വ്യക്തമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന സമയത്ത് എയിംസിലെ ജീവനക്കാരനൊപ്പം ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരും ഒഡീഷ പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ കഴിയുന്നതിനൊപ്പം മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാനുള്ള സാധ്യതയും മങ്ങുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. അത്തരം സാഹചര്യമുണ്ടായാല്‍ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Odisha train accident: 52 bodies unclaimed weeks after crash