600 കോടിയുടെ സെക്രട്ടേറിയറ്റ്; അംബേദ്ക്കര്‍ പ്രതിമക്ക് 146 കോടി; കെസിആര്‍ വാഴ്ച

kcr-modi
SHARE

28 ഏക്കറിൽ 10 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 600 കോടി രൂപ ചെലവഴിച്ച് ഡോ.ബി.ആർ. അംബേദ്കറുടെ പേരില്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഒരു പുത്തന്‍ ഭരണസമുച്ചയം. രാജ്യത്തെ ഏറ്റവും വലിയ സെക്രട്ടേറിയറ്റുകളിൽ ഒന്ന്. തെലങ്കാനയെ ഇനി ഇവിടെയിരുന്ന് നയിക്കാം. തെലങ്കാന രൂപം െകാണ്ടതുമുതല്‍ അവിടെ നിന്ന് ഒരു പേരേ ഉയര്‍ന്നുകേട്ടിട്ടുള്ളൂ. കല്‍വകുണ്ട്​ല ചന്ദ്രശേഖരറാവു. കെസിആര്‍. കെസിആറിന്റെയും കുടുംബത്തിന്റേയും അപ്രമാധിത്യം നിറഞ്ഞുനില്‍ക്കുന്ന ഈ കാലം പതിയെ പതിയെ അസ്തമിക്കുകയാണോ. ബിജെപിയും കോണ്‍ഗ്രസും ശക്തമായി കടന്നുകയറി ഇന്ന് സാന്നിധ്യം അറിയിച്ചിരിക്കുന്നു. പ്രതിപക്ഷനിരയിലെ ഒരു മുഖ്യമന്ത്രിയും പെരുമാറാത്ത പോലെ മോദിയോട് പരസ്യമായി തുറന്നടിക്കുന്ന കെസിആറിനെ ഇന്നുകാണാം‍. 2024ല്‍ ബിജെപിയെ താഴെയിറക്കാതെ അടങ്ങില്ല എന്ന വാശി. അതിനായി പ്രാദേശിക പാര്‍ട്ടിയായിരുന്ന ടിആർഎസിനെ ബിആർഎസാക്കി. കലി അടങ്ങാതെ കെസിആര്‍ മോദിപത്യത്തിനെതിരെ അങ്കം കുറിക്കുമ്പോള്‍ ഇനി കാണേണ്ടത് മൂന്നാം മുന്നണി ഇന്ത്യ പിടിക്കുമോ, അതോ റാവുവിന്റെ കയ്യിലിരിക്കുന്ന തെലങ്കാന കൂടി പോകുമോ എന്നതാണ്.

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെയാണ് ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ പേരിൽ പണികഴിപ്പിച്ച പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്തത്. രാവിലെ 6ന് തുടങ്ങിയ സുദർശന യാഗത്തിനും പൂജകൾക്കും പിന്നാലെ ഉച്ചയ്ക്ക് സിംഹലഗ്ന മുഹൂർത്തത്തിൽ ആയിരുന്നു ഉദ്ഘാടനം. അംബേദ്കർ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 3 മൂലമാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ സാധിച്ചതെന്നു മുഖ്യമന്ത്രി ആ വേളയില്‍ ചൂണ്ടിക്കാട്ടി. തെലങ്കാനയിലെ വാനപാർഥി കൊട്ടാരത്തിന്റെയും ഗുജറാത്തിലെ സാലംഗ്പുർ ഹനുമാൻ ക്ഷേത്രത്തിന്റെയും മാതൃകയിലാണ് പുതിയ സെക്രട്ടേറിയറ്റ്.  ഡെക്കാൺ, കാകതിയ വാസ്തുവിദ്യയുടെ സമ്മേളനമായ 7 നില കെട്ടിടത്തിൽ 600 മുറികളും 30 ഹാളുകളും ഉണ്ട്. 500 കാറുകൾ ഒരുസമയം പാർക്കു ചെയ്യാം. വിരുന്നു നടത്താന്‍ രാജകീയ പ്രൗഢിയുള്ള ഹാളുമുണ്ട്. രാജസ്ഥാനിലെ ധോൽപുരിൽ നിന്നെത്തിച്ച ആയിരം ലോറി റെഡ് സ്റ്റോൺ ആണ് നിർമാണത്തിന് ഉപയോഗിച്ചത്. ഇതിനൊപ്പം 146 കോടി രൂപ ചെലവഴിച്ച് 125 അടി ഉയരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അംബേദ്ക്കര്‍ പ്രതിമ കെസിആര്‍ സര്‍ക്കാര്‍ സ്ഥാപിച്ചു. ഒരുവശത്ത് ബുദ്ധന്‍ മറുവശത്ത് അംബേദ്ക്കര്‍ വ്യക്തവും കൃത്യവുമായ രാഷ്ട്രീയം കോടികള്‍ മുടക്കി തന്നെ തെലങ്കാന രാജ്യത്തോട് പറയുന്നു.

കാര്യം ഇങ്ങനെയാണെങ്കിലും അടുത്ത തവണ കെസിആര്‍ അധികാരം പിടിച്ച് ഇവിടെയിരുന്ന് ഭരിക്കുമോ എന്ന ചോദ്യം ഉയരുകയാണ്. പ്രതിപക്ഷം എന്നതിനെ വെറും വാക്കാക്കി മാറ്റി, പ്രതിപക്ഷ എംഎല്‍എമാരെ പോലും സ്വന്തം പാളയത്തില്‍ എത്തിച്ച് തിരുവായ്ക്ക് എതിര്‍ വാ ഇല്ലാതെ വാഴുകയായിരുന്നു തെലങ്കാനയില്‍ കെസിആര്‍. കെസിആര്‍ സമരം ചെയ്ത് നിരാഹാരം കിടന്ന് നേടിയെടുത്ത തെലങ്കാന. അത് ഇന്ന് കെസിആറിന് സ്വന്തമെന്ന പോലെയാണ്. മകനും മകളും ബന്ധുക്കളുമെല്ലാം ചേര്‍ന്ന കുടുംബം തെലങ്കാന ഭരിച്ച വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കേന്ദ്രത്തിന്റെ എല്ലാ പിന്തുണയോടും കൂടി ബിജെപി ശക്തമായി രംഗത്തുണ്ട്. റാവു ഒന്നുമല്ലാതാക്കി തീര്‍ത്ത കോണ്‍ഗ്രസ് മടങ്ങിവരവിന്റെ പാതയിലാണ്. ആന്ധ്രാപ്രദേശില്‍ അണ്ണന്‍ ജഗന്‍ വാഴുമ്പോള്‍ തെലങ്കാന പിടിക്കാന്‍ സഹോദരി വൈഎസ് ശര്‍മിള സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് രംഗത്തുണ്ട്. അച്ഛന്‍ വൈഎസ്ആറിനോട് തെലുങ്ക് മക്കള്‍ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്ന സ്നേഹവും കടപ്പാടും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ശര്‍മിള. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ കടുത്ത പോരാണ് ഇത്തവണ കെസിആറിനെ കാത്തിരിക്കുന്നതെന്ന് വ്യക്തം.

ഇന്ന് തെലങ്കാനയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല കെസിആറിന്റെ സ്വപ്നങ്ങള്‍. ഉന്നം പ്രധാനമന്ത്രി കസേരയാണ്. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ മാറ്റിനിര്‍ത്തി പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി അതിന്റെ തലവനായി ഇരുന്ന് രാജ്യം ഭരിക്കുന്ന നാളുകള്‍ റാവു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടാകുന്നു. ടിആർഎസിനെ ബിആർഎസാക്കി ദേശീയ സ്വപ്നങ്ങളുമായി അദ്ദേഹം സജീവമായി മുന്നോട്ടുപോകുന്നു. ഇതിെനാപ്പം കൂട്ടായി സിപിഎം അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികളുമുണ്ട്.

ഒരു ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കെസിആർ സംഘടിച്ചിപ്പ പൊതുയോഗത്തിൽ പങ്കെടുത്ത് പൂജയിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരും ആ ചടങ്ങില്‍ പങ്കെടുത്തു. മൂന്നാം മുന്നണിയിലേക്ക് ഡിഎംകെ, ആർജെഡ‍ി, ജെഎംഎം, എൻസിപി, ഉദ്ധവിന്റെ ശിവസേന തുടങ്ങിയ പാർട്ടികളൊന്നും ഇതുവരെ പരസ്യപിന്തുണ നല്‍കിയിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള നീക്കത്തിന് നിതീഷ് കുമാറും എതിരാണ്. മമത ബാനര്‍ജിയുടെ നിലപാടുകളും ഇക്കൂട്ടത്തില്‍ നിര്‍ണായകമാണ്. ഇതൊക്കെ കൊണ്ടുതന്നെ കെസിആറിന്റെ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി സ്വപ്നം അന്തമില്ലാതെ നീളുകയാണ്. ഈ ഒത്തുചേര്‍ന്ന നേതാക്കന്‍മാര്‍ക്കെല്ലാം പ്രധാനമന്ത്രി പദ മോഹമുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. 2019–ൽ ബിജെപി തനിച്ചു നേടിയ 303 സീറ്റുകൾ ഈ കൂട്ടായ്മ കൊണ്ട് നേടുക എന്നതും ഇപ്പോഴത്തെ അവസ്ഥയില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. യുപിഎയ്ക്കും മൂന്നാം മുന്നണി കക്ഷികൾക്കും എല്ലാം ചേർത്ത് ബാക്കിയുള്ളത് 240 സീറ്റുകളാണ്. ഇതിൽ 52 എണ്ണമാണ് 2019–ൽ കോൺഗ്രസ് വിജയിച്ചത്. ഈ സീറ്റുകൾ പ്രതിപക്ഷ കക്ഷികള്‍ നിലനിർത്തുകയും ബിജെപിയെ നൂറോളം സീറ്റുകളിൽ കൂടി തോൽപ്പിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ ബിജെപിയെ താഴെയിറക്കാന്‍ ആകൂ.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചത് ഒമ്പത് സീറ്റിലാണ്. ബിജെപിയാകട്ടെ, 2014–ലെ ഒരു സീറ്റിൽ നിന്ന് സീറ്റെണ്ണം മൂന്നാക്കി. കോൺഗ്രസും രണ്ടിൽ നിന്ന് മൂന്നു സീറ്റുകൾ നേടി. തെലങ്കാനയിൽ കടുത്ത പോരാട്ടം തന്നെ നടക്കും എന്നുറപ്പുള്ള സാഹചര്യത്തിൽ നിലവിലുള്ള ഒമ്പത് സീറ്റിനേക്കാൾ വലിയ വർധവ് ഒന്നും ബിആർഎസ് പ്രതീക്ഷിക്കുന്നില്ല. വിരലില്‍ എണ്ണാവുന്ന എംപിമാരുള്ള റാവുവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടാന്‍ മറ്റുള്ളവരും ഒരുങ്ങില്ല.

തെലങ്കാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന തലവേദനകള്‍ക്കൊപ്പമാണ് ഇത്തവണ വൈഎസ്ആറിന്റെ മകളും പോരിനെത്തുന്നത്. വൈഎസ്ആർ തെലങ്കാന പാർട്ടി എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് ശര്‍മിളയുടെ നീക്കം. ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറുമായി ശര്‍മിള കൂടിക്കാഴ്ച നടത്തിയത് തെലങ്കാനയില്‍ കോണ്‍ഗ്രസിനൊപ്പം ശര്‍മിള സഖ്യത്തിലാകുമോ എന്ന ചര്‍ച്ചകളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയില്‍ എത്തിയാല്‍ സ്വീകരിക്കാന്‍ പോലും പോകാതെ കെസിആര്‍ അതൃപ്തി പലകുറി വ്യക്തമാക്കി. മകള്‍ കവിതയ്ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ നീക്കവും കെസിആറിനെ ചൊടിപ്പിക്കുന്നു. ഇതിനൊപ്പമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ തലയില്‍ വച്ചുകെട്ടാനുള്ള നീക്കം. ഹാട്രിക് ഭരണം നേടാൻ നോക്കുന്ന കെസിആറിന് കനത്ത വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. ആകെയുള്ള 119 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിനുവേണ്ട 70 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവിൽ രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്കുള്ളത്. കെസിആർ ഉയർത്തിവിടുന്ന പ്രാദേശിക വികാരം ബിജെപിക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധവികാരം ഉയർത്തി അതു മറികടക്കാനാണ് നീക്കം.നിലവിൽ 103 സീറ്റുകളോടെയാണ് കെസിആര്‍ തെലങ്കാന ഭരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ 95 – 105 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. കോൺഗ്രസിന് ഇപ്പോള്‍ അഞ്ച് അംഗങ്ങളുണ്ട്. ഏഴു സീറ്റുമായി അസദുദീൻ ഒവൈസിയുടെ എഐഎംഐഎം. ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളും ബിജെപിയെ നേരിടാൻ ടിആർഎസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഒരുകാലത്ത് ശക്തികേന്ദ്രമായിരുന്ന അവിഭക്ത ആന്ധ്രയിൽ കോൺഗ്രസ് നിലവില്‍ ഇല്ലാത്ത അവസ്ഥയാണ്. ജഗന്റെ പകയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. വൈഎസ്ആർ കോൺഗ്രസും ടിഡിപിയും നേരിട്ടുള്ള പോരാട്ടമാണ് അവിടെ. എന്നാല്‍ തെലങ്കാനയിൽ അതല്ല സ്ഥിതി. ഇവിടെ പാർട്ടിക്ക് കാര്യക്ഷമമായ സംഘനാസംവിധാനമുണ്ട്. കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്ന കരുത്തുറ്റ നേതാക്കളിലൊരാളായ രേവന്ത് റെ‍ഡ്ഡിയാണ് സംസ്ഥാനത്ത് പാർട്ടിയെ നയിക്കുന്നത്. അടുത്തിടെ നടന്ന അംഗത്വ വിതരണ നടപടിയിലൂടെ 39 ലക്ഷം പേരെയാണ് തെലങ്കാനയിൽ പാർട്ടി അംഗങ്ങളാക്കിയത്. ദേശീയതലത്തിൽ കോൺഗ്രസ് ഏറ്റവുമധികം അംഗങ്ങളെ ചേർത്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു തെലങ്കാന. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ടിആർഎസിന്റെ മുഖ്യ എതിരാളിയായി രാഷ്ട്രീയ ഗോദയിൽ നിലയുറപ്പിക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം.

ഒരു സംസ്ഥാനം രൂപം കൊള്ളുന്നതിന് മുന്‍പ് തന്നെ അതിന്റെ തലവനായി ജനം ഉയര്‍ത്തിയ നേതാവാണ് കെസിആര്‍. തെലങ്കാന രൂപം െകാണ്ടത് മുതല്‍ ഈ നിമിഷം വരെ അവിടുത്തെ ശക്തരില്‍ ശക്തന്‍. മകന്‍ കെടിആറും മന്ത്രിസഭയിലും ജനങ്ങള്‍ക്ക് ഇടയിലും സജീവം.  കുടുംബാധിപത്യമാണ് തെലങ്കാനയില്‍ നടക്കുന്നതെന്ന് മോദി പലതവണ ആവര്‍ത്തിക്കുമ്പോഴും, വന്ന വഴി മറക്കാത്ത തെലുങ്കരുടെ വികാരം കെസിആറിന് അനുകൂലമാണ്. സംസ്ഥാന രൂപീകരണത്തിന് നിരാഹാരം കിടന്ന് പട്ടിണിക്കോലമായ ആ രൂപം അത്ര പെട്ടെന്നൊന്നും തെലങ്കാനയുടെ മനസ്സില്‍ നിന്നും മായുന്ന ഒന്നല്ല. ഭരണവിരുദ്ധവികാരമുണ്ടെന്ന് പറയുമ്പോഴും തെലങ്കാനയില രാജാവ് റാവു  തന്നെയാണ്. മകനെ സംസ്ഥാനമേല്‍പ്പിച്ച് മൂന്നാം മുന്നണി അധികാരം പിടിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കണം എന്ന ഏറെനാളത്തെ സ്വപ്നത്തിന്റെ പിന്നാലെയാണ് ഇപ്പോള്‍ കെസിആര്‍. മോദിയെ അവഗണിച്ച്, പരസ്യമായി പരിഹസിച്ച് സ്വയം പ്രതിപക്ഷഐക്യ നേതാവായി തന്നെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന മോഡല്‍ വിജയിക്കുമോ എന്ന് കണ്ടുതന്നെ അറിയാണം.  കയ്യിലുള്ള തെലങ്കാന ഉറപ്പിച്ച് നിര്‍ത്തണം. ഒപ്പം ഇന്ത്യയുടെ നായകത്വം കയ്യിലാക്കണം. ഉറച്ച സ്വപ്നങ്ങളും തന്ത്രങ്ങളുമായി ചന്ദ്രശേഖര റാവു ഒരുങ്ങിനില്‍പ്പാണ്. ആകാംക്ഷയും ഉദ്വേഗവും തരുന്ന ചോദ്യങ്ങള്‍ക്ക് വരുംമാസങ്ങള്‍ ഉത്തരംതരും.

MORE IN INDIA
SHOW MORE