കല്ലേറിൽ വലഞ്ഞ് വന്ദേഭാരത്; ആറുമാസത്തിനിടെ മാറ്റിയത് 64 ഗ്ലാസുകൾ; ലക്ഷങ്ങളുടെ നഷ്ടം

stone
SHARE

ആറു മാസത്തിനിടെ കല്ലേറു മൂലം മൈസൂരു - ചെന്നൈ വന്ദേ ഭാരത് ട്രെയിനിൻ്റെ ജനാല ചില്ലുകൾ മാറ്റിവെച്ചത് 64 തവണ.  ഇതോടെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ ഏറ്റവും കൂടുതൽ കല്ലേറു നേരിട്ട ട്രെയിനായി മാറിയിരിക്കുകയാണ് മൈസൂർ - ചെന്നൈ വന്ദേ ഭാരത്. അതേസമയം കേരളത്തിൽ ഓടുന്ന വന്ദേ ഭാരത്തിന് നേരെ ഒരു മാസം തികയ്ക്കു മുമ്പ് മൂന്ന് തവണയാണ് കല്ലേറു ഉണ്ടായത്.

2022 നവംബർ 11 തീയതിയാണ് മൈസൂരു - ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്. അന്ന് മുതൽ ആരംഭിച്ച കല്ലേറു ഇപ്പോളും തുടരുകയാണ്. ആറു മാസം പിന്നിടുമ്പോൾ ഇതുവരെ 64 തവണയാണ് കല്ലേറു മൂലം ട്രെയിൻ്റെ ചില്ല് തകർന്നത്. ചെന്നൈ ഡിവിഷൻ കീഴിൽ 7 തവണ യും ജോളാപെട്ടിന് അപ്പുറം ബംഗളുരു   ഡിവിഷൻ കീഴിൽ 57 തവണയാണ് കല്ലേറുണ്ടായത്. പൊലീസിൻ്റെയോ, ആർ.പി.എഫ് പിടിയിലായതിൽ കൂടുതലും പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ കല്ലെറിഞ്ഞ 18 വയസിൽ താഴെ ഉള്ള കുട്ടികളാണ്. ഇവർക്ക് കൗൺസിലിംഗ് നൽകി വിട്ടയക്കാറാണ് പതിവ്. 

വന്ദേ ഭാരത് ട്രെയിനുകളുടെ ഒരു  വിൻഡോ പനലിന് 12,000 രൂപയാണ് വില. ഇവ ട്രെയിനിൽ ഘടിപ്പിക്കാൻ 8000 രൂപ ചിലവും. അങ്ങനെ ദക്ഷിണ റെയിൽവേക്ക് കീഴിലെ ഏറ്റവും കൂടുതൽ ഏറുകൊണ്ട മൈസൂർ- ചെന്നൈ വന്ദേ ഭരത്തിന്, 12,80,000 രൂപയാണ് ചില്ലു മാറ്റിയിടാൻ മാത്രം  6 മാസത്തിനിടെ ചിലവായത്.  കേരളത്തിലേക്ക് വന്നാൽ, ഏപ്രിൽ 26നാണ് കാസർഗോഡ് - തിരുവനന്തപുരം  വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്.    ഒരു മാസം തികയും മുമ്പ് മൂന്ന് തവണയാണ് ട്രെയിനിനു നേരെ കല്ലേറു ഉണ്ടായത്. ഇതിൽ മെയ് 1ന് മലപ്പുറത്ത് നിന്നും ട്രെയിന് നേരെ കല്ലെറിഞ്ഞ താനൂർ സ്വദേശി  മുഹമ്മദ് റിസ്വാൻ എന്ന 19 കാരൻ അറസ്റ്റിലായിരുന്നു. പിന്നിടിയാളെ ജാമ്യത്തിൽ വിട്ടു.  വന്ദേ ഭാരത്തും കടന്ന് ബുള്ളറ്റ് ട്രെയിനിനുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുമ്പോഴാണ് രാജ്യത്തിന് നാണക്കേടായി ഈ കല്ലേറുകൾ തുടർക്കഥയാവുന്നത്. 

MORE IN INDIA
SHOW MORE