ഗുജറാത്തില്‍ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചു; 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം

INDIA CATTLE FAIR
ഫയല്‍ ചിത്രം, AP
SHARE

കനാലില്‍ നിന്നും മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ 25 ഒട്ടകങ്ങള്‍ ചത്തു. ബറൂച്ച് ജില്ലയിലെ കാഞ്ചിപുര ഗ്രാമത്തിലാണ് സംഭവം. കനാലിലെ വെള്ളത്തില്‍ കലര്‍ന്ന രാസവസ്തുവാണ് ഒട്ടകങ്ങളുടെ ജീവനെടുത്തതെന്ന് സംശയിക്കുന്നു. ഒട്ടകങ്ങള്‍ക്ക് പുറമെ ഈ കനാലില്‍ നിന്ന് വെള്ളം കുടിച്ച മറ്റ് മൃഗങ്ങളും മല്‍സ്യങ്ങളും പക്ഷികളും ചത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം, ഒഎന്‍ജിസി പൈപ്പ് ലൈനിലെ ചോര്‍ച്ചയാണ് മൃഗങ്ങളുടെ ജീവനെടുത്തതെന്ന് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ആരോപിച്ചു. വെള്ളവും ഭൂമിയും മലിനമായതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഒഎൻജിസിക്ക് നിർദേശം നൽകിയതായും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിജിലൻസ് ഓഫീസറായ ആർബി ത്രിവേദി അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജലാശയത്തിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് 25 ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ഗ്രാമവാസികൾ അധികൃതരെ ധരിപ്പിച്ചത്. 

മല്‍ദാരി സമുദായത്തില്‍പ്പെട്ട ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് ഒട്ടകങ്ങള്‍. ചൂട് കഠിനമായതോടെയാണ് ഗ്രാമത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഈ കനാലിലേക്ക് ഗ്രാമീണര്‍ ഒട്ടകങ്ങളെ വെള്ളം കുടിക്കാനായി കൊണ്ടുവന്നത്. വെള്ളം കുടിച്ച് മടങ്ങി വരുന്നവഴിയില്‍ ഒട്ടകങ്ങള്‍ ഒന്നിന് പുറകേ ഒന്നായി ചത്തു വീഴുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. 30 ഒട്ടകങ്ങളെയാണ് കനാലിലേക്ക് കൊണ്ട് പോയത്. അഞ്ച് ഒട്ടകങ്ങളെ ഇതുവരേയ്ക്കും കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം ഫലം വന്നശേഷമേ കൃത്യമായ മരണകാരണം അറിയൂ എന്നാണ് അധികൃതരുടെ വാദം. അതേസമയം, ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതായി ബുധനാഴ്ച ഒഎന്‍ജിസി സമ്മതിച്ചു. പക്ഷേ അതുമൂലമാണ് ഒട്ടകങ്ങളുടെ ജീവന്‍ നഷ്ടമായതെന്ന വാദം കമ്പനി തള്ളി.

25 camels die after drinking contaminated water in Gujarat's Bharuch

MORE IN INDIA
SHOW MORE