
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യ ചർച്ചകൾ മുറുകി. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗത്തിന്‍റെ വേദിയും തീയതിയും ഇന്നോ നാളെയോ അറിയാം. പട്‌നയില്‍ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
പലതവണ പറഞ്ഞു പാളിയ പ്രതിപക്ഷ ഐക്യത്തിന് പുതിയ വഴി തെളിച്ചത് ഭരണകക്ഷി തന്നെ. രാഹുൽ ഗാന്ധിയെ പാർലമെന്‍റില്‍നിന്ന് പുറത്താക്കിയതോടെ അപകടം മണത്തവർ പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസിന് സ്വീകാര്യതയേറി. ഡല്‍ഹി സര്‍ക്കാര്‍–ലഫ്. ഗവര്‍ണര്‍ അധികാര തര്‍ക്കത്തില്‍ കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ കേജ്‌രിവാളിനും പ്രതിപക്ഷ ഐക്യം അനിവാര്യം. മോദിയെ തോൽപ്പിക്കാൻ പ്രസ്താവനകള്‍ക്ക് അപ്പുറം ഒരു പ്ലാറ്റ് ഫോം ഉണ്ടാകണം.
കോൺഗ്രസുമായി ചേർന്നുപോകാത്ത പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ദൗത്യമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുള്ളത്. വിട്ടുവീഴ്ചകള്‍ക്ക് തയാറെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെ മൂന്നാം മുന്നണി നീക്കം അവസാനിക്കുന്നുവെന്ന് വേണം കരുതാന്‍. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുന്നതിലെ അനൗചിത്യം ഇതിനകം ചര്‍ച്ചയായതോടെ,,, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണമടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചനയിലുണ്ട്.